Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസും ബിജെപിക്കൊപ്പം ഭരണ മുന്നണിയില്‍ ചേര്‍ന്നു; മേഘാലയില്‍ ഇതെങ്ങനെ സംഭവിച്ചു?

ഷില്ലോങ്- രാഷ്ട്രീയത്തില്‍ അസാധ്യമായത് ഒന്നുമില്ലെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി പരമ്പരാഗത വൈരികളായ കോണ്‍ഗ്രസും ബിജെപിയും മേഘാലയില്‍ ഒരേ മുന്നണിയുടെ ഭാഗമായി. മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി)യുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയന്‍സില്‍ സംസ്ഥാനത്തെ ശേഷിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ചേര്‍ന്നതോടെയാണ് ഇതു സംഭവിച്ചത്. കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവ് അംപരീന്‍ ലിങ്‌ദോയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ആകെയുള്ള അഞ്ച് എംഎല്‍എമാരും സഖ്യത്തില്‍ ചേരുകയായിരുന്നു. ഈ സഖ്യത്തില്‍ നേരത്തെയുള്ള പാര്‍ട്ടിയാണ് ബിജെപി. മുഖ്യമന്ത്രി സാങ്മയെ കണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഖ്യത്തിനുള്ള പിന്തുണ അറിയിക്കുകയായിരുന്നു. ഇതോടെ ഭരണ കക്ഷിയായ എന്‍പിപി-ബിജെപി മുന്നണിയില്‍ കോണ്‍ഗ്രസും ഉള്‍പ്പെട്ടു.

ബിജെപിയോടെന്ന പോലെ എന്‍പിപിയും കോണ്‍ഗ്രസിന്റെ പരമ്പരാഗത വൈരികളാണ്. എന്നാല്‍ ഈയിടെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒന്നിച്ച് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതോടെയാണ് ഇരു പാര്‍ട്ടികളും അടുത്തത്. സംസ്ഥാനത്ത് പുതുതായി എത്തിയ തൃണമൂല്‍ ഞൊടിയിടയില്‍ മുഖ്യപ്രതിപക്ഷമായി മാറിയതിനെ തുടര്‍ന്നായിരുന്നു ഇത്.

ഞങ്ങളുടെ ലക്ഷ്യം ഞങ്ങളുടെ മണ്ഡലങ്ങളില്‍ നീതി നടപ്പാക്കുക എന്നതാണ്. സര്‍ക്കാരിനെ നയിക്കുന്ന മുന്നണിയെ ശക്തിപ്പെടുത്താനാണ് ഞങ്ങള്‍ മുന്നണിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് ഞങ്ങള്‍ മുന്നണിയെ പിന്തുണയ്ക്കുമെന്ന് ലിങ്‌ദോ പറഞ്ഞു. പാര്‍ട്ടിയും ഹൈക്കമാന്‍ഡും ഞങ്ങളെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അധികാര ദാഹികളാണ് ഒന്നിച്ച് കൈകോര്‍ത്തിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസാണ് മേഘാലയയില്‍ വിശ്വസിക്കാവുന്ന ബദല്‍ എന്നാണ്  ഈ കോണ്‍ഗ്രസ്-എന്‍പിപി-ബിജെപി സഖ്യം വ്യക്തമാക്കുന്നതെന്ന് തൃണമൂല്‍ പ്രതികരിച്ചു.

Latest News