സവര്‍ക്കര്‍ കവിതയുടെ പേരില്‍ ലതാ മങ്കേഷ്‌കറുടെ സഹോദരനെ പിരിച്ചുവിട്ടു; കോണ്‍ഗ്രസിനെതിരെ വീണ്ടും മോഡി

ന്യൂദല്‍ഹി- രണ്ടു ദിവസമായി പാര്‍മെന്റില്‍ കോണ്‍ഗ്രസിനെതിരെ തുടര്‍ച്ചയായി കടന്നാക്രമിച്ചു കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തെരഞ്ഞെടുപ്പു നടക്കുന്ന ഗോവയെ ലക്ഷ്യമിട്ട് ചൊവ്വാഴ്ച മറ്റൊരു ആയുധം കൂടി മോഡി കോണ്‍ഗ്രസിനെതിരെ പുറത്തെടുത്തു. കഴിഞ്ഞ ദിവസം അന്തരിച്ച ലതാ മങ്കേഷ്‌ക്കറുടെ സഹോദരന്‍ ഹൃദയ്‌നാഥ് മങ്കേഷ്‌ക്കറെ സവര്‍ക്കറുടെ കവിത അവതരിപ്പിച്ചതിന്റെ പേരില്‍ ഗോവയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓള്‍ ഇന്ത്യാ റേഡിയോയില്‍ നിന്ന് പിരിച്ചു വിട്ടെന്നാണ് മോഡിയുടെ ആരോപണം. 

കവിത ചൊല്ലി എട്ടു ദിവസത്തിനകമാണ് ഗോവയുടെ അഭിമാന പുത്രനായ അദ്ദേഹത്തെ പിരിച്ചുവിട്ടത്. ഇതായിരുന്നു കോണ്‍ഗ്രസിന്റെ അഭിപ്രായ സ്വാതന്ത്ര്യ സങ്കല്‍പ്പമെന്നും മോഡി കോണ്‍ഗ്രസിനെ കൊട്ടി. വീര്‍ സവര്‍ക്കറുടെ ഒരു രാജ്യസ്‌നേഹ കവിത അവതരിപ്പിച്ചതാണ് അദ്ദേഹം ചെയ്ത കുറ്റമെന്നും മോഡി പറഞ്ഞു. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധിക്ക് വഴങ്ങാന്‍ വിസമ്മതിച്ചതിന് ഗായകന്‍ കിഷോര്‍ കുമാറിനെ റേഡിയോയില്‍ നിന്ന് വിലക്കിയ കാര്യവും മോഡി പരാമര്‍ശിച്ചു. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിയായി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പ്രസംഗിച്ചു തുടങ്ങിയ പ്രധാനമന്ത്രി മോഡി ഇന്നലെ അവസാനിപ്പിച്ചിടത്തു നിന്നാണ് ഇന്ന് രാജ്യസഭയിലെ പ്രസംഗം ആരംഭിച്ചത്. പ്രധാനമായും കോണ്‍ഗ്രസിനെ ഉന്നമിട്ടായിരുന്നു പ്രസംഗം.

Latest News