ജയ്പൂര്‍- സംസ്ഥാനത്തെ കോളേജുകളില്‍ യുനിഫോം ഏര്‍പ്പെടുത്തുമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. ജീന്‍സ്, ടീ ഷര്‍ട്ട് അടക്കമുള്ള സാധാരണ വസ്ത്രങ്ങള്‍ക്കു പകരം യൂനിഫോം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. കോളേജുകളില്‍ ഒരു വസ്ത്രധാരണ ചട്ടം വേണമെന്നത് വിദ്യാര്‍ത്ഥികളുടെ തന്നെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി പറഞ്ഞു. അതേസമയം ഏതു നിറത്തിലുള്ള യൂനിഫോം ആയിരിക്കണമെന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പത്യേക നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നും അതും വിദ്യാര്‍ത്ഥികള്‍ക്കും തീരുമാനിക്കാമെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഈ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ആര്‍എസ്എസിന്റെ ആജ്ഞകള്‍ക്കനുസരിച്ചാണ് മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മാനിച്ചാണ് യുനിഫോം ഏര്‍പ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.






