റിയാദ് - സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയും ചര്‍ച്ച നടത്തി. റാവല്‍പിണ്ടിയില്‍ വെച്ചാണ് പാക് സൈനിക മേധാവിയുമായി സൗദി ആഭ്യന്തര കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയത്. പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ ഇരുവരും വിശകലനം ചെയ്തു.
പാക്കിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, ആഭ്യന്തര മന്ത്രി ശൈഖ് റശീദ് അഹ്‌മദ് എന്നിവരുമായി സൗദി ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. സൗദി, പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മില്‍ സുരക്ഷാ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളുമാണ് സൗദി, പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തത്.