മസ്ജിദുന്നബവി മുറ്റങ്ങളില്‍ പച്ച പരവതാനികള്‍

മദീന - പ്രവാചക മസ്ജിദിന്റെ മുറ്റങ്ങളില്‍ ചുവപ്പ് നിറത്തിലുള്ള കാര്‍പെറ്റുകള്‍ മാറ്റി പച്ച നിറത്തിലുള്ള കാര്‍പെറ്റുകള്‍ വിരിച്ചു. സൂക്ഷ്മമായ സാങ്കേതിക മാനദണ്ഡങ്ങളോടെയും വ്യവസ്ഥകളോടെയും സൗദി വിദഗ്ധര്‍ രാജ്യത്തിനകത്തു വെച്ച് നിര്‍മിച്ച അക്രിലിക് ഇനത്തില്‍ പെട്ട പുതിയ കാര്‍പെറ്റുകളാണ് മസ്ജിദുന്നബവിയുടെ മുറ്റങ്ങളില്‍ വിരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പെട്ട 12,000 കാര്‍പെറ്റുകളാണ് മസ്ജിദുന്നബവിയുടെ മുറ്റങ്ങളില്‍ വിരിക്കുന്നതിനു വേണ്ടി പ്രത്യേകം നിര്‍മിച്ചിരിക്കുന്നത്.
കനവും ഉറപ്പും മൃദുലതയും പുതിയ കാര്‍പെറ്റുകളുടെ പ്രത്യേകതയാണ്. ആവര്‍ത്തിച്ച് കഴുകിയാലും നിറം ഇളകില്ല എന്നതും ഇവയുടെ പ്രത്യേകതയാണ്. ഓരോ കാര്‍പെറ്റിലും ഇ-ചിപ്പും അടങ്ങിയിട്ടുണ്ട്. ഇലക്‌ട്രോണിക് പ്രോഗ്രാമില്‍ ബന്ധിപ്പിച്ച ആര്‍.എഫ്.ഐ.ഡി സാങ്കേതികവിദ്യ റീഡ് ചെയ്ത് കഴുകേണ്ട സമയം, വിരിച്ച സ്ഥലം എന്നിവ അടക്കം നിര്‍മിച്ചതു മുതല്‍ കാര്‍പെറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും എളുപ്പത്തില്‍ അറിയാനും സാധിക്കും.
പുതിയ കാര്‍പെറ്റുകള്‍ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് ഉദ്ഘാടനം ചെയ്തു. മസ്ജിദുന്നബവി കാര്യങ്ങള്‍ക്കുള്ള ഹറംകാര്യ വകുപ്പ് ഉപമേധാവി ഡോ. മുഹമ്മദ് അല്‍ഖിദൈരി, ഹറംകാര്യ വകുപ്പ് മേധാവിയുടെ ഓഫീസ് ഡയറക്ടര്‍ ജനറലിന്റെ ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് അല്‍അയൂബി, ഹറംകാര്യ വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഫൗസി അല്‍ഹുജൈലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

 

Latest News