സൗദിയില്‍ ആറു സ്വര്‍ണ ഖനികള്‍

റിയാദ് - സൗദിയില്‍ നിലവില്‍ ആറു സ്വര്‍ണ ഖനികളിലാണ് ഉല്‍പാദനം നടക്കുന്നതെന്ന് ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍മുദൈഫിര്‍ പറഞ്ഞു. 2015 നെ അപേക്ഷിച്ച് ധാതുവിഭവങ്ങളുടെ ഉല്‍പാദനം പത്തിരട്ടിയായി വര്‍ധിപ്പിക്കാന്‍ ഖനന തന്ത്രം ലക്ഷ്യമിടുന്നു. മദീനയിലെ മഹ്ദുദ്ദഹബ്, ബല്‍ഗ, അല്‍ഖസീമിലെ അല്‍സുഖൈബറാത്ത്, റിയാദിലെ അല്‍അമാര്‍, അല്‍ഖുര്‍മയിലെ അല്‍ദുവൈഹി, ദലമിലെ അല്‍സൂഖ് എന്നിവയാണ് രാജ്യത്തെ സ്വര്‍ണ ഖനികള്‍.
സൗദിയില്‍ മറ്റു ആറു സ്വര്‍ണ ഖനികള്‍ കൂടി നിര്‍മാണ ഘട്ടത്തിലുണ്ട്. റിയാദ്-തായിഫ് റോഡിലെ മന്‍സൂറ-മസറ ഖനിയാണ് ഇതില്‍ ഏറ്റവും വലുത്. ഖനന മേഖലയില്‍ സ്വദേശികള്‍ക്ക് 50,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. ഇതില്‍ 20,000 തൊഴിലവസരങ്ങള്‍ ഖനികളിലും 30,000 തൊഴിലവസരങ്ങള്‍ ധാതുവിഭവ ഫാക്ടറികളിലുമാകും. തൊഴിലവസരങ്ങളില്‍ 30 ശതമാനത്തില്‍ യൂനിവേഴ്‌സിറ്റി ബിരുദധാരികളെയും 70 ശതമാനത്തില്‍ സാങ്കേതിക വിദഗ്ധരെയും നിയമിക്കും.
കഴിഞ്ഞ ആറു മാസത്തിനിടെ ഖനന മേഖലയില്‍ 1,400 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കി. ഖനികള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 1,400 പേരെ കൂടി നിയമിക്കാന്‍ നിലവില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഖനികളും ഉപകരണങ്ങളും ഫാക്ടറികളും പ്രവര്‍ത്തിപ്പിക്കാന്‍ ടെക്‌നീഷ്യ•ാരെയാണ് കൂടുതല്‍ നിയമിക്കുക. ഓപ്പറേഷന്‍സ്, ഖനനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിസിസ്, ജിയോളജിസ്റ്റ് എന്നീ മേഖലകളില്‍ എന്‍ജിനീയര്‍മാര്‍ അടക്കമുള്ള യൂനിവേഴ്‌സിറ്റി ബിരുദധാരികളെ നിയമിക്കും.

 

 

Latest News