കശ്മീര്‍ കുരുക്കില്‍ ഹുണ്ടെയ്; ഇന്ത്യക്കാരോട്  ദക്ഷിണ കൊറിയ ഖേദം പ്രകടിപ്പിച്ചു

ന്യൂദല്‍ഹി- കൊറിയന്‍ വാഹന നിര്‍മാണ കമ്പനിയായ ഹുണ്ടെയുടെ പാക്കിസ്ഥാനിലെ ഡീലര്‍ കശ്മീര്‍ വിഘടനവാദികളെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ ചൊല്ലിയുള്ള വിവാദത്തില്‍ കൊറിയന്‍ സര്‍ക്കാര്‍ ഇന്ത്യക്കാരോട് ഖേദം പ്രകടിപ്പിച്ചു. കൊറിയന്‍ വിദേശകാര്യ മന്ത്രി ചുങ് യു യോങ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ ഫോണില്‍ വിളിച്ചാണ് ഖേദം അറിയിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു. ഇന്ത്യക്കാരോട് മാപ്പപേക്ഷിച്ച് ഹുണ്ടെയ് കമ്പനിയും പ്രസ്താവന ഇറക്കി. രാഷ്ട്രീയ, മത കാര്യങ്ങളില്‍ പ്രകരിക്കാറില്ലെന്നും കമ്പനി വ്യക്തമാക്കി.

പാക്കിസ്ഥാനിലെ ഹുണ്ടെയ് ഡീലറുടെ കശ്മീര്‍ വിഘടനവാദ അനുലൂക പോസ്റ്റ് കഴിഞ്ഞയാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ അത് ഡിലീറ്റ് ചെയ്തിരുന്നെങ്കിലും വൈറലായി. സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹിയിലെ ദക്ഷിണി കൊറിയയുടെ അംബാസഡറെ വിളിച്ചു വരുത്തിയിരുന്നു. 

കേന്ദ്ര സര്‍ക്കാര്‍ കൂടി ഇടപെട്ടതോടെ ഹുണ്ടെയ് തങ്ങളുടെ നിലപാട് വ്യക്തമാക്കി നീണ്ട പ്രസ്താവനയും ഇറക്കിയിരുന്നു.
 

Latest News