Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മീഡിയാ വണിന് അനുമതി നല്‍കാതിരിക്കാനുള്ള കാരണങ്ങള്‍ ആ റിപോര്‍ട്ടിലുണ്ട്; ജസ്റ്റിസ് നാഗരേഷിന്റെ മറുപടി ഇങ്ങനെ

കൊച്ചി- മീഡിയാ വണ്‍ വാര്‍ത്താ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ നടപടി കേരള ഹൈക്കോടതി ശരിവച്ചത് രഹസ്യാന്വേഷണ റിപോര്‍ട്ടുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍. മീഡിയ വണ്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജി തള്ളിയാണ് ഹൈക്കോടതി വിലക്ക് ശരിവച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഫയലുകള്‍ പരിശോധിച്ചപ്പോള്‍ ചാനലിന് സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാതിരിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് വ്യക്തമായതായി ജസ്റ്റിസ് നാഗരേഷ് പറഞ്ഞു. 

ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ പരിശോധിച്ച ഓഫീസര്‍മാരുടെ ഒരു കമ്മിറ്റി ചാനലിന് സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഈ കമ്മിറ്റിയുടെ കണ്ടെത്തില്‍ അംഗീകരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം ചെയ്തത്. സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിക്കാന്‍ ന്യായമായ വിവരങ്ങള്‍ ആ റിപോര്‍ട്ടിലുണ്ട്. അതിനാല്‍ ഈ റിട്ട് ഹര്‍ജി തള്ളുന്നു- ജസ്റ്റിസ് നാഗരേഷ് ഉത്തരവിട്ടു.

അപ്പീല്‍ നല്‍കുന്നതിന് സാവകാശം ലഭിക്കുന്നതിനു വേണ്ടി റിട്ട് ഹര്‍ജിയില്‍ വിധി പറയുന്നത് രണ്ടു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് മീഡിയാ വണിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് നാഗരേഷ് അനുവദിച്ചില്ല. 

'എനിക്ക് ചായ്‌വുകളില്ല. കമ്പനിയുടേയും ജീവനക്കാരുടേയും അവസ്ഥ എനിക്ക് മനസ്സിലാകും. പക്ഷെ ഇടക്കാല ഉത്തരവ് എനിക്ക് ഒരു മണിക്കൂര്‍ പോലും നീട്ടിവെക്കാന്‍ കഴിയില്ല'- ജസ്റ്റിസ് നാഗരേഷ് വ്യക്തമാക്കി.

മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ദേശീയ സുരക്ഷാ വിഷയം ഒരു കാരണമാക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ പെഗസസ് കേസ് വിധി ചൂണ്ടിക്കാട്ടി മീഡിയാ വണ്‍ വാദിച്ചു. ദേശീയ സുരക്ഷാ കാരണം കൊണ്ട് മാത്രം ഒരു വിവരം രഹസ്യമാക്കി വെക്കാനാവില്ലെന്നായിരുന്നു പെഗസസില്‍ സുപ്രീം കോടതി വിധി. പെഗസസ് കേസ് സ്വാകാര്യത സംബന്ധിച്ചാണെന്ന് ചൂണ്ടിക്കാട്ടി ഈ വാദവും ജസ്റ്റിസ് നാഗരേഷ് അംഗീകരിച്ചില്ല. 

മാധ്യമ സ്വാതന്ത്ര്യത്തെ ഭരണകൂടം മാനിക്കണമെന്നു വ്യക്തമാക്കുന്ന അനുരാധ ഭാസിന്‍ കേസിലെ സുപ്രീം കോടതി വിധിയിലെ പരാമര്‍ശവും മീഡിയാ വണ്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചാനല്‍ ലൈസന്‍സിനുള്ള പുതിയ അപേക്ഷ അല്ല ഇതെന്നും മീഡിയാ വണ്‍ വര്‍ഷങ്ങളായി ലൈസന്‍സോടെ പ്രവര്‍ത്തിച്ചു വരുന്ന ചാനലാണെന്നുമുള്ള കാര്യം കോടതി വേര്‍ത്തിരിച്ചു കാണണെന്നും എസ് ശ്രീകുമാര്‍ വാദിച്ചു. 

ടിവി ചാനലുകളുടെ പ്രവര്‍ത്തനത്തിനുള്ള നയപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സെക്യൂരിറ്റി ക്ലിയറന്‍സ് സംബന്ധിച്ച മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടത് ആഭ്യന്തര മന്ത്രാലയമാണെന്നും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയമല്ലെന്നും അദ്ദേഹം വാദമുന്നയിച്ചു. സെക്യൂരിറ്റ് ക്ലിയറന്‍സിനായുള്ള ഒരു പുതിയ അപേക്ഷയുടേയും നേരത്തെയുള്ള ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങളിലേയും വ്യത്യാസങ്ങളും മീഡിയാ വണ്‍ അഭിഭാഷകന്‍ കോടതി മുമ്പാകെ വിശദീകരിച്ചു.


 

Latest News