ലോസാഞ്ചലസ്- ഞായറാഴ്ച രാത്രി നടന്ന 90-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങിനുശേഷം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സെസ് മക്ഡൊര്‍മാന്‍ഡിന്റെ ട്രോഫി മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് ടെറി ബ്രയന്റ് എന്ന 47 കാരനെ അറസറ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കാണാതായ ട്രോഫി അല്‍പ സമയത്തിനു ശേഷം തിരകെ ലഭിക്കുകയും ചെയ്തു. ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബിങ്, മിസോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മക്ഡൊര്‍മാന്‍ഡ് അക്കാഡമി അവാര്‍ഡ് കരസ്ഥമാക്കിയത്.
പുരസ്‌കാര വിതരണ ചടങ്ങിനു ശേഷം നടന്ന ഗവര്‍ണേഴസ് ബോള്‍ പാര്‍ട്ടിക്കിടെയാണ് നടിയുടെ ട്രോഫി നഷ്ടമായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ബ്രയന്റിന്റെ പക്കല്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനുള്ള ടിക്കറ്റ് ഉണ്ടായിരുന്നു.