ന്യൂദല്‍ഹി- ത്രിപുരയില്‍ മുന്‍ ആരോഗ്യമന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ സുദീപ് റോയ് ബര്‍മനും ആശിഷ് കുമാര്‍ സാഹയും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇവര്‍ ഇരുവരും നേരത്തെ തന്നെ എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ദല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
കൂടുതല്‍ ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ തയാറായി നില്‍ക്കുകയാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഇവ കുറച്ചു മാസങ്ങള്‍കൂടി നീണ്ടു നിന്നേക്കാം. എല്ലാവരും പാര്‍ട്ടിക്കകത്ത് നിരാശരാണെന്നും സുദീപ് റോയ് ബര്‍മന്‍ പറഞ്ഞു.
ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലബ് ദേവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2019-ലാണ് സുദീപ് റോയ് ബര്‍മന് മന്ത്രിസ്ഥാനം നഷ്ടമായത്. തുടര്‍ന്ന് അദ്ദേഹം വിമത നീക്കങ്ങള്‍ സജീവമാക്കുകയായിരുന്നു. ത്രിപുരയില്‍ 2023-ലാണ് നിയമസഭാ തെരഞ്ഞെടുപ്പ്.