അഹമ്മദാബാദ് സ്‌ഫോടനം: 49 പ്രതികള്‍ കുറ്റക്കാര്‍

ഗാന്ധിനഗര്‍-  അഹമ്മദാബാദ് ബോംബ് സ്ഫോടന കേസില്‍ 49 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 28 പ്രതികളെ വെറുതെവിട്ടു. 2008-ല്‍ അഹമ്മദാബാദിലുണ്ടായ സ്ഫോടന പരമ്പര കേസിലാണ് ഗുജറാത്തിലെ പ്രത്യേക കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.  ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

2009 ഡിസംബറിലാണ് വിചാരണ ആരംഭിച്ചത്.  77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്.

2008 ജൂലായ് 26-നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കേസില്‍ 85 പേരെയാണ് ഗുജറാത്ത് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 78 പ്രതികള്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി.

 

Latest News