Sorry, you need to enable JavaScript to visit this website.

ജസ്റ്റിസ് ലോയയുടെ മരണം: സംശയമുണ്ടെങ്കിൽ അന്വേഷണത്തിന് ഉത്തരവിടും -സുപ്രീം കോടതി


ന്യൂദൽഹി- ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സുഹ്‌റാബുദ്ദിൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണ കേട്ടിരുന്ന സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തിൽ ഏതെങ്കിലും രീതിയിലുള്ള ചെറിയ സംശയമെങ്കിലും ഉണ്ടെങ്കിൽ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംശയമുള്ളപക്ഷം ദൂരീകരിക്കാൻ സ്വതന്ത്ര അന്വേഷണം വേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ലോയയുടെ മരണം ഹൃദയാഘാതംമൂലമല്ലെന്ന പ്രമുഖ ഫോറൻസിക് വിദഗ്ധന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ അഡ്വ. പ്രശാന്ത് ഭൂഷൻ മുഖേന നൽകിയ ഹരജിയും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ലോയയുടെ ഇ.സി.ജി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മരണം ഹൃദയാഘാതം മൂലമല്ലെന്ന് എയിംസ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മുൻ മേധാവി ഡോ. ആർ.കെ. ശർമ്മ വിലയിരുത്തിയത്. ഈ റിപ്പോർട്ടിന്റെ പകർപ്പ് സഹിതമാണ് പ്രശാന്ത് ഭൂഷന്റെ ഹരജി.
സുഹ്‌റാബുദ്ദിൻ ഷെയ്ഖ് കേസിൽ സത്യസന്ധത പുലർത്താൻ ശ്രമിച്ച ന്യായാധിപൻമാരായ ജസ്റ്റിസ് ജയന്ത് പട്ടേലും, ജഡ്ജി ലോയയും അതിന്റെ വില കൊടുക്കേണ്ടി വന്നവരാണെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേയുടെ വാദം അഭിഭാഷകർക്കിടയിൽ വാഗ്വാദത്തിന് ഇടയാക്കി. സുഹ്‌റാബുദ്ദിൻ ഷെയ്ഖ് കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജയന്ത് പട്ടേലിന് അർഹമായ സ്ഥാനക്കയറ്റം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് അദ്ദേഹം പദവി രാജിവെച്ചിരുന്നു.
ജഡ്ജി ലോയയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് സ്ഥാപിക്കാൻ ബോംബെ ഹൈക്കോടതിയിലെ ചില സിറ്റിംഗ് ജഡ്ജിമാർ അഭിമുഖങ്ങൾ നൽകിയതും ദവേ ചൂണ്ടിക്കാട്ടി. ഇവർ വിശുദ്ധ പശുക്കളല്ലെന്ന് തെളിയിക്കുന്നതാണ് അഭിമുഖങ്ങളെന്നും ദവേ ആരോപിച്ചു. അതേസമയം, ജഡ്ജിമാരെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ തള്ളിക്കളയണമെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ, ഈ ആരോപണങ്ങൾ നിസ്സാരമായി തള്ളിക്കളയാനാവില്ലെന്നായിരുന്നു ദവേയുടെ  വാദം. ഒന്നും തള്ളിക്കളയില്ലെന്ന് വ്യക്തമാക്കിയ കോടതി, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ജഡ്ജിമാരെ ബാധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ചു.

 

Latest News