Sorry, you need to enable JavaScript to visit this website.

മണല്‍ ഖനനം: മലങ്കര കത്തോലിക്കാ ബിഷപ്പും വികാരിമാരും തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

പത്തനംതിട്ട- മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ്  തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. താമരഭരണി നദിയില്‍നിന്ന് അനധികൃതമായി മണല്‍ കടത്തിയതിനാണ് ബിഷപ്പ് അറസ്റ്റിലായത്. വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളവും പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ് ,ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരും അറസ്റ്റിലായി. എല്ലാ പ്രതികളേയും റിമാന്‍ഡ് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്‌നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കര്‍ സ്ഥലമുണ്ട്. 40 വര്‍ഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍പ്രകാരം ചുമതലപ്പെടുത്തിയിരുന്നതായും ഇയാളാണ് മണല്‍ ഖനനം നടത്തിയതെന്നുമാണ് രൂപതയുടെ പ്രസ്താവന. കോവിഡ് കാലമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി രൂപതാ അധികൃതര്‍ക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ കാലയളവില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എന്ന നിലയില്‍ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനുവല്‍ ജോര്‍ജിനെതിരെ രൂപത നിയമ നടപടികള്‍ ആരംഭിച്ചതായും രൂപത അറിയിച്ചു.

 

Latest News