Sorry, you need to enable JavaScript to visit this website.

പെഗാസസ് വിവാദം ഇസ്രായിലിലും കത്തുന്നു; പോലീസിനെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി

ബെഞ്ചമിന്‍ നെതന്യാഹുവും നെഫ്തലി ബെന്നെറ്റും.

ജറൂസലം- ചാര സാങ്കേതിക വിദ്യയായ പെഗാസസിന്റെ ദുരുപയോഗം ഇസ്രായിലിലും വിവാദമായി. ഡസന്‍ കണക്കിനു പ്രമുഖരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ പോലീസ് പെഗാസസ് ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നെഫ്തലി ബെന്നെറ്റ് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ചാരവിദ്യ ഉപയോഗിച്ചുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇസ്രായിലില്‍ ആഭ്യന്തര ചാരവൃത്തി വിവാദം ശക്തമാക്കിയത.്
അന്തരാഷ്ട്രതലത്തിലും ഇസ്രായില്‍നിര്‍മിത ചാര സാങ്കേതിക വിദ്യയായ പെഗാസസിന്റെ ദുരുപയോഗം വിവിധ സര്‍ക്കാരുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് ഫോണുകളെ പോക്കറ്റില്‍ കിടക്കുന്ന ചാര ഉപകരണമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയായ പെഗാസസ് നെതന്യാഹു വിരുദ്ധ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയവരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ പോലീസ് ഉപയോഗിച്ചുവെന്ന് ബിസിനസ് ദിനപ്രതമായ കാല്‍കെലിസ്റ്റാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
നെതന്യാഹുവിന്റെ ഒരു മകന്റെ ഫോണും ചോര്‍ത്തിയെന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമാണ് സര്‍ക്കാര്‍ ഇക്കാര്യം വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി ബെന്നെറ്റിന്റെ പ്രതികരണം. ജനാധിപത്യത്തില്‍ ഒരിക്കലും സ്വീകാര്യമല്ലാത്ത അതീവഗുരുതര സ്ഥിതിയാണ് റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരേയും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കെതിരേയും ഉപയോഗിക്കാനാണ് ഈ സൈബര്‍ ഉപകരണങ്ങള്‍ക്ക് രൂപം നല്‍കിയത്. ദുരുപയോഗത്തെ കുറിച്ച്  സുതാര്യവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

Latest News