Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

ഭര്‍തൃ ബലാത്സംഗം കുറ്റകൃത്യമോ? കേന്ദ്രം രണ്ടാഴ്ച്ചയ്ക്കകം അന്തിമ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

ന്യൂദല്‍ഹി- വൈവാഹിക ജീവിതത്തിലുണ്ടാകുന്ന ഭര്‍തൃ ബലാത്സംഗം കുറ്റകൃത്യമാണോ എന്നതു സംബന്ധിച്ച അന്തിമ നിലപാട് അറിയിക്കാന്‍ ദല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് രണ്ടാഴ്ച സമയം അനുവദിച്ചു. ഇക്കാര്യത്തില്‍ ഒരു തീര്‍പ്പു പറയാതെ ഇനി വിഷയം പരിഗണിക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ വാദം കേള്‍ക്കല്‍ ഫെബ്രുവരി 21ലേക്ക് മാറ്റിവെക്കുകയും ചെയ്തു. 

ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്ത് അഭിപ്രായം ലഭിക്കുന്നതു വരെ കേസിലെ നടപടികള്‍ മാറ്റിവെക്കണമെന്ന് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം വീണ്ടും സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവര്‍ത്തിച്ചു. നിയമ സമസ്യകള്‍ കേവലം ഭരണഘടനാ സാധുതയുടെ പേരില്‍ മാത്രം കണ്ടാല്‍പോരെന്നും അദ്ദേഹം പറഞ്ഞു. ഇത് മനുഷ്യ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. നാം പ്രവേശിക്കുന്നത് ബെഡ്‌റൂമിലേക്കാണ്. സ്ത്രീകളെ ആരാധിക്കുന്നവരാണ് നാം. സ്ത്രീകളെ ആരാധിക്കുന്ന ഒരേഒരു രാജ്യമാകാം നാമെങ്കിലും വൈകാരികമായ സാമൂഹിക-നിയമ വ്യവസ്ഥകള്‍ കുറച്ചുകൂടി വിശാല കാഴ്ചപ്പാടില്‍ കാണേണ്ടതുണ്ട്- അദ്ദേഹം കോടതിയില്‍ പറഞ്ഞു. 

ഇതുപോലുള്ള ഒരു വിഷയത്തില്‍, സര്‍വ ജ്ഞാനത്തിന്റെയും കലവറയാണ് കോടതിയെന്ന് അവകാശപ്പെടുന്നില്ല, എന്നാല്‍ നമ്മുടെ മുമ്പാകെ വരുന്ന കേസ് തീര്‍പ്പാക്കുക എന്നത് ഒരു ഭരണഘടനാ കോടതി എന്ന നിലയില്‍ ഞങ്ങളുടെ ജോലിയാണ്. നിങ്ങള്‍ എന്തും വാദിച്ചോളൂ. നിങ്ങളുടെ നിലപാട് മാത്രമാണ് അറിയേണ്ടത്. ഞങ്ങള്‍ക്കൊരു തീരുമാനത്തിലെത്തണം. ഇതിനായി രണ്ടാഴ്ച സമയം തരാം- കോടതി വ്യക്തമാക്കി. 

Latest News