Sorry, you need to enable JavaScript to visit this website.

VIDEO മെറ്റാവേഴ്‌സില്‍ വിവാഹ വിരുന്നൊരുക്കി തമിഴ് ദമ്പതികള്‍

ചെന്നൈ- സാങ്കേതികവിദ്യാ രംഗത്ത് അതിവേഗം വളരുന്ന നവീന പ്രതീതി ലോകമായ മെറ്റവേഴ്‌സില്‍ ആദ്യമായി ഒരു വിവാഹ വിരുന്നും നടന്നു. തമിഴ്‌നാട്ടിലെ ശിവലിംഗപുരത്ത് നടന്ന വിവാഹ വിരുന്നാണ് ദിനേശ് എസ് പി- ജനഗനന്ദിനി രാമസ്വാമിയും മെറ്റവേഴ്‌സിലാക്കിയത്. ഇതോടെ വിവിധ രാജ്യങ്ങളിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ചടങ്ങില്‍ ലൈവായി പങ്കെടുപ്പിക്കാനായി. വിരുന്നിന്റെ വെര്‍ച്വല്‍ ത്രീഡി പശ്ചാത്തലമൊരുക്കിയാണ് പുതിയ മെറ്റാവേഴ്‌സ് അനുഭവം യാഥാര്‍ത്ഥ്യമാക്കിയത്. മെറ്റാവേഴ്‌സ് വിരുന്നിനെത്തിയ അതിഥികള്‍ക്ക് പരസ്പരം  കണ്ട് സംസാരിക്കാനും ഇടപഴകാനും വെര്‍ച്വലായി അവസരവുമുണ്ട്. വധൂവരന്മാരുടേയും അതിഥികളുടേയും വെര്‍ച്വല്‍ അവതാരങ്ങളെ ഉണ്ടാക്കിയാണ് ഇത് സാധ്യമാക്കുന്നത്. വധുവിന്റെ മരിച്ചു പോയ അഛനേയും വെര്‍ച്വലായി ചടങ്ങില്‍ പുനസൃഷ്ടിച്ചിരുന്നു.  

വരന്‍ ദിനേശ് മദ്രാസ്് ഐഐടിയില്‍ റിസര്‍ച് അസോസിയേറ്റാണ്. ഒരു വര്‍ഷമായി ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജിയില്‍ ഗവേഷണം നടത്തുന്ന ദിനേശ് കോവിഡ് നിയന്ത്രണം കാരണം കൂടുതല്‍ പേര്‍ക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നതിനാല്‍ മെറ്റാവേഴ്‌സില്‍ വിരുന്നൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ഹാരിപോര്‍ട്ടര്‍ ഫാന്‍സായ വധൂവരന്മാര്‍ ഈ നോവല്‍ പരമ്പരയിലെ ഇന്ദ്രജാല സ്‌കൂളായ ഹോഗ്‌വാര്‍ട്‌സിന്റെ തീമിലാണ് മെറ്റാവേഴ്‌സില്‍ വിരുന്നു വേദി ഒരുക്കിയത്. ടാര്‍ഡിവേഴ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് ഒരു മാസം പണിയെടുത്താണ് വേദിയും അതിഥികളും ഉള്‍പ്പെടുന്ന ഈ മെറ്റാവേഴ്‌സ് സൃഷ്ടിച്ചത്. മെറ്റാവേഴ്‌സ് ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായി.

Latest News