Sorry, you need to enable JavaScript to visit this website.

മീഡിയ വൺ ഒരു തുടക്കം മാത്രം - അൽകോബാർ പ്രവാസി ടേബിൾ ടോക്

പ്രവാസി അൽകോബാർ നോർത്ത് മലബാർ കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്ക്

അൽഖോബാർ- പ്രവാസി സാംസ്‌കാരിക വേദി അൽകോബാർ നോർത്ത് മലബാർ മേഖല കമ്മിറ്റി മാധ്യമങ്ങളെ വിലക്കുമ്പോൾ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ശ്രദ്ധേയമായി. പ്രവിശ്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. വ്യക്തമായ കാരണം കാണിക്കാതെ മാധ്യമങ്ങളെ അടച്ചു പൂട്ടുന്ന കേന്ദ്ര സർക്കാർ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നും മതേതര ജനാധിപത്യത്തിന്റെ മരണമണിയുടെ തുടക്കമാണെന്നും പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. പച്ചയായ നുണകളും വർഗീയ പ്രസ്താവനകളുമായി ഒരു വിഭാഗം രാജ്യനിവാസികളെ ഭിന്നിപ്പിക്കുമ്പോൾ അതിനെതിരെ ശബ്ദിക്കുന്നതിന് പകരം പൊതുജനത്തിന്റെ മൗനം ഭീതിപ്പെടുത്തുന്നതാണെന്നും വർഗീയതയെ നിസ്സാരവൽക്കരിച്ചു സംസാരിക്കുന്ന അവസ്ഥ ആശങ്കയുളവാക്കുന്നതാണെന്നും മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ അഭിപ്രായപ്പെട്ടു. 


ലോകരാജ്യങ്ങളുടെ ഇടയിൽ മതേതരത്വത്തിനും ജനാധിപത്യത്തിനും കേളി കേട്ട ഇന്ത്യ എന്നും നമുക്കഭിമാനമായിരുന്നു. അതിൽനിന്നുള്ള തിരിഞ്ഞു പോക്കാണ് നാം കണ്ടു കൊണ്ടിരിക്കുന്നതെന്ന് മുജീബ് കളത്തിൽ അഭിപ്രായപ്പെട്ടു. ഭരണഘടന മാറ്റാതെ തന്നെ നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സർക്കാർ ഫാസിസ്റ്റു അജണ്ടകൾ നടപ്പാക്കുകയാണെന്നും മീഡിയ വൺ അതിനൊരു നിമിത്തമായി എന്നും തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് എൻ. ഉമർ ഫാറൂഖ് അഭിപ്രായപ്പെട്ടു. സ്വതന്ത്ര മാധ്യമ പ്രവർത്തനം മരണ ശയ്യയിലാണെന്നും അതിന്റെ തുടക്കമാണ് പരസ്യമായി മീഡിയ വൺ ചാനലിനെതിരെയുള്ള സർക്കാർ നീക്കമെന്നും ഇത് ബാക്കിയുള്ളവർക്ക് താക്കീത് കൂടിയാണെന്നും നൗഷാദ് ഇരിക്കൂർ പറഞ്ഞു. ഇത് മതേതര ഭാരതത്തിൽ അനുവദിച്ചുകൂടാൻ പറ്റാത്ത നടപടിയാണെന്നും ഒരുമിച്ച് നിൽക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കെ.എം.സി.സി നേതാവ് ആലിക്കുട്ടി ഒളവട്ടൂർ അഭിപ്രായപ്പെട്ടു. അസ്ലം കോഴിക്കോട് (ഒ.ഐ.സി.സി), ലുഖ്മാൻ, കുഞ്ഞിക്കോയ (സോഷ്യൽ ഫോറം), സഫ്വാൻ പാണക്കാട് (യൂത്ത് ഇന്ത്യ), സി.ടി. റഹീം (പ്രവാസി കണ്ണൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഖമറുദ്ധീൻ വടകര വിഷയാവതരണം നടത്തി. പർവേസ് മുഹമ്മദ് മോഡറേറ്റർ ആയിരുന്നു. കെ.എം. സാബിഖ് സ്വാഗതവും അൻവർ സലിം നന്ദിയും പറഞ്ഞു. ഷജീർ തൂണേരി, ഇല്യാസ് ചേളന്നൂർ, സിയാദ് എന്നിവർ നേതൃത്വം നൽകി.

Latest News