കൊല്ലം -ഉപയോഗിക്കാതെ റദ്ദായ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് റിട്ട. ഉദ്യോഗസ്ഥയുടെ അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്ന കേസില്‍ സൈബര്‍ വിദഗ്ധന്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി ഷാനവാസാണ് കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്.
തിരുമുല്ലവാരം സ്വദേശിനി ശോഭനകുമാരി (65)ക്കാണ് സ്വകാര്യ ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിക്ഷേപിച്ചിരുന്ന എട്ട് ലക്ഷത്തി പതിനായിരം രൂപയാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം പണമെടുക്കാന്‍ ചെന്നപ്പോഴാണ് അക്കൗണ്ട് കാലിയായ വിവരം അറിഞ്ഞത്. തുടര്‍ന്ന് സിറ്റി പോലീസ് മേധാവിക്ക് പരാതി നല്‍കി. 2009ലാണ് ശോഭനകുമാരി അക്കൗണ്ട് തുടങ്ങിയിരുന്നത്. അക്കൗണ്ടുമായി ബന്ധിപ്പിച്ച് മൊബൈല്‍ നമ്പര്‍ തുടര്‍ച്ചയായി ഉപയോഗിക്കാതിരുന്നതിനാല്‍ റദ്ദായി.
ഈ നമ്പര്‍ പിന്നീട് ലഭിച്ചത് ഷാനവാസിനാണ്. ഇതിലേക്ക് ബാങ്കില്‍ നിന്നുള്ള മെസേജും മറ്റും വന്നു കൊണ്ടിരുന്നു. മെസേജുകള്‍ വഴി ലഭിച്ച ലിങ്ക് ഉപയോഗിച്ച് അക്കൗണ്ടില്‍ കയറി. ഒ.ടി.പി കിട്ടിയ ഉടന്‍ മുഴുവന്‍ തുകയും പിന്‍വലിക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് എസ്.എച്ച്.ഒ എച്ച് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുദിവസം പെരുമ്പാവൂരില്‍ തങ്ങിയാണ് പ്രതിയെ പിടികൂടിയത്. ആലുവ, പെരുമ്പാവൂര്‍ മേഖലകളില്‍ ഇത്തരം തട്ടിപ്പ് നടത്തുന്ന സംഘങ്ങളുണ്ടെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും. സൈബര്‍ വിദഗ്ധനായ ഇയാള്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.