Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ- സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ രണ്ടു ദിവസത്തിനകം വധിക്കുമെന്ന ഭീഷണി മുഴക്കിയത് ആർ.എസ്.എസ് പ്രവർത്തകൻ വിജേഷ് ബാലനാണെന്ന് (30)കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘം ഇയാളെ കാസർകോട്ടു നിന്ന് അറസ്റ്റ് ചെയ്തു. കണ്ണൂർ ചെറുതാഴത്ത് നേരത്തെ താമസിച്ചിരുന്ന വിജേഷ് കുറെ കാലമായി നാട്ടിൽ വരാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ത്രിപുര തെരഞ്ഞെടുപ്പു ഫലമറിഞ്ഞ ആവേശത്തിലാണ് സിപിഎം ഓഫീസിലേക്ക് വിളിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ ആർ.എസ്.എസ് പ്രവർത്തകൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. 

അച്ഛനും അമ്മയും മരിച്ച ശേഷമാണ് ഇയാൾ കണ്ണൂർ വിട്ടതെന്ന് നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ കാസർകോട് റെയിൽവെ സ്‌റ്റേഷനു സമീപത്തു നിന്ന് വിജേഷിനെ പോലീസ് പിടികൂടിയത്. പലയിടത്തായി ജോലി ചെയ്തു വരികയായിരുന്നു. ജോലി തേടിയാണ് ഏതാനും ദിവസം മുമ്പ് കാസർകോട് വന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. വിജേഷിന് മാനസിക അസ്വാസ്ഥ്യങ്ങളുള്ളതായി സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്. 

ശനിയാഴ്ച വൈകിട്ടാണ് സിപിഎം ഓഫീസിലേക്ക് ഭീഷണി ഫോൺ കോൾ വന്നത്. ഉടൻ പാർട്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ വിളിച്ച മൊബൈൽ നമ്പർ ചെറുതാഴം സ്വദേശിയായ ഒരു യുവതിയുടേതാണെന്ന് കണ്ടെത്തി. എന്നാൽ ഇവർ ഈ നമ്പർ മാസങ്ങളായി ഉപയോഗിക്കാറില്ലെന്നു വ്യക്തമായതോടെ മൊബൈൽ കമ്പനിയിൽ നിന്നും കൂടുതൽ വിവരം തേടി. ഇപ്പോൾ ഈ നമ്പർ വിജേഷിന്റെ പേരിലാണെന്നു തിരിച്ചറിഞ്ഞതോടെ മൊബൈൽ സിഗ്‌നൽ പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. രണ്ടു വർഷം മുമ്പ് പയ്യന്നൂർ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ച് ഭീണിപ്പെടുത്തിയതിനും വിജേഷിനെതിരെ കേസെടുത്തിരുന്നു.
 

Latest News