Sorry, you need to enable JavaScript to visit this website.

നീ മറഞ്ഞാലും  കുയിലേ, നിന്റെ നാദം ഇവിടെയെന്നും അലയടിക്കും

ഹൃദയത്തിൽ അനുരണനങ്ങളുണ്ടാക്കുന്ന ലതാ മങ്കേഷ്‌കറുടെ സ്വരം പല തലമുറകളെ ആസ്വാദനത്തിന്റെ പരകോടിയിലേക്കുയർത്തിയിട്ടുണ്ട്. മുപ്പത്തയ്യായിരത്തിൽപരം പാട്ടുകൾ പാടിയ അവരുടെ സ്വരശുദ്ധിയും ഭാവ വൈവിധ്യവും പിന്നാലെ കടന്നു വന്ന നൂറു കണക്കിനു ഗായകർക്ക് വലിയ പാഠപുസ്തകമാണ്. നേർത്ത ശബ്ദം എന്നു പറഞ്ഞ് നിർമാതാക്കൾ തള്ളിക്കളഞ്ഞ സ്വരമാണ് പിന്നീട് പതിറ്റാണ്ടുകളോളം ഹിന്ദി സിനിമാ രംഗം ഭരിച്ചത്.

കാനഡയുടെ തലസ്ഥാനമായ ഓട്ടവയിൽ മെഹ്ദി ഹസന്റെ സംഗീത പരിപാടി നടക്കുകയാണ്. ഉസ്താദ് കത്തി നിൽക്കുന്ന കാലം. തിങ്ങിനിറഞ്ഞ സദസ്സ് ഗസൽ ലഹരിയിൽ ആമഗ്നരായി സ്വയം മറന്ന് ഇരിക്കുന്നു. പെട്ടെന്ന് ഗായകൻ പാട്ടു നിർത്തി എഴുന്നേൽക്കുകയും ഒപ്പമുള്ള ഉപകരണ വിദ്വാന്മാരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്നു. കാര്യമെന്തെന്നറിയാതെ അമ്പരന്ന ശ്രോതാക്കൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ശുഭ്ര വസ്ത്രധാരിണിയായ ലതാ മങ്കേഷ്‌കർ സഹോദരിയോടൊപ്പം ഹാളിന്റെ വാതിൽക്കൽ നിൽക്കുന്നതാണ്. ഗായകനും അകമ്പടിക്കാർക്കുമൊപ്പം സദസ്സും നിർത്താതെ കൈയടിച്ച് ആ അപൂർവ നിമിഷത്തെ വരവേറ്റു. പിന്നീട് രണ്ടു മണിക്കൂറോളം പാടിയ മെഹ്ദി ഹസൻ ലതയുടെ ചില ഗാനങ്ങളും പാടി.  ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. മെഹ്ദി ഹസ്സന്റെ വിയോഗ വേളയിൽ ലതാ മങ്കേഷ്‌കർ എഴുതിയ ഓർമക്കുറിപ്പിലാണ് ഈ അനുഭവം അനുസ്മരിച്ചത്. 

എക്കാലത്തെയും ഏറ്റവും മഹാനായ ഗസൽ ഗായകനെന്നു സംഗീത ലോകം വാഴ്ത്തുന്ന ഷെഹൻഷാ എ ഗസൽ മെഹ്ദി ഹസൻ ഒരു ഗായികക്ക് ഇത്ര വലിയ ആദരം നൽകുമ്പോൾ അവരുടെ മഹത്വം കണ്ണു തുറന്നു കാണാൻ ആസ്വാദക ലോകത്തിനു കൂടി അവസരം ലഭിക്കുകയായിരുന്നു. ഏഴു പതിറ്റാണ്ട് ചലച്ചിത്ര പിന്നണി ഗാന രംഗത്തു നിറഞ്ഞുനിന്ന ഇതിഹാസ ഗായികയെ ഈജിപ്തിലെ പ്രസിദ്ധ ഗായിക ഉമ്മുകുൽസുമിനോട് പലരും ഉപമിക്കുന്നതു കേട്ടിട്ടുണ്ട്. പതിമൂന്നാം വയസ്സിൽ അച്ഛന്റെ മരണത്തോടെ കുടുംബ ഭാരം തലയിലേറ്റേണ്ടി വന്ന ഒരു പാവം ബാലികയുടെ സഹനത്തിന്റെയും അതുല്യമായ സമർപ്പണത്തിന്റെയും കണ്ണീരിൽ കുതിർന്ന വിജയ ഗാഥയാണ് ലതാ മങ്കേഷ്‌കർ. 

ഹൃദയത്തിൽ അനുരണനങ്ങളുണ്ടാക്കുന്ന ലതാ മങ്കേഷ്‌കറുടെ സ്വരം പല തലമുറകളെ ആസ്വാദനത്തിന്റെ പരകോടിയിലേക്കുയർത്തിയിട്ടുണ്ട്. മുപ്പത്തയ്യായിരത്തിൽപരം പാട്ടുകൾ പാടിയ അവരുടെ സ്വരശുദ്ധിയും ഭാവ വൈവിധ്യവും പിന്നാലെ കടന്നു വന്ന നൂറു കണക്കിനു ഗായകർക്ക് വലിയ പാഠപുസ്തകമാണ്. നേർത്ത ശബ്ദം എന്നു പറഞ്ഞ് നിർമാതാക്കൾ തള്ളിക്കളഞ്ഞ സ്വരമാണ് പിന്നീട് പതിറ്റാണ്ടുകളോളം ഹിന്ദി സിനിമാ രംഗം ഭരിച്ചത്. ഷംഷാദ് ബീഗവും സുരയ്യയും ഗീതാ ദത്തുമെല്ലാം നിഷ്പ്രഭരായിത്തീർന്ന തേരോട്ടമായിരുന്നു അത്. നന്നേ ചെറുപ്പത്തിൽ തന്നെ സംഗീതം ലതയെ പിടികൂടിയിരുന്നു. പിതാവിൽനിന്നും വല്യമ്മയിൽനിന്നും മാത്രമല്ല, ചുറ്റുപാടുകളിൽനിന്നെല്ലാം ഒഴുകിയെത്തിയ ഗാനവീചികൾ ഒപ്പുകടലാസിലെന്ന വണ്ണം അവൾ ഹൃദയത്തിൽ ഒപ്പിയെടുത്തു. സഹോദരങ്ങളായ മീനാ മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, ഹൃദയനാഥ് മങ്കേഷ്‌കർ, ആശാ ഭോസ്ലേ എന്നിവർക്കും ഏറിയും കുറഞ്ഞും ഈ അനുഗ്രഹം ലഭിച്ചു. ലതയോളം പോന്ന ആലാപന വൈഭവം അനിയത്തി ആശയേയും അനുഗ്രഹിച്ചിട്ടുണ്ട്. കാലാതിവർത്തിയായ അനേകം ഗാനങ്ങൾ ജനമനസ്സിൽ അവർക്കും അനശ്വര പദവി നേടിക്കൊടുത്തിരിക്കുന്നു.    

പതിമൂന്നാം വയസ്സിൽ പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഭാരം ചുമക്കേണ്ടി വന്ന ഒരു ബാലികയുടെ മഹത്തായ പോരാട്ടത്തിന്റെ കഥ കൂടിയാണ് ലതാജിയുടെ ജീവിതം. അവരുടെ ഗാനങ്ങൾ ഒരു വിധം ഭംഗിയായി പാടാൻ കഴിവുള്ള ഒരു ഗായികക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി ഗായികമാർ ലതയുടെ ഗാനങ്ങളിലൂടെ ആസ്വാദകരെ വിരുന്നൂട്ടുന്നു. അനുരാധാ പൊട്‌വാളും ശ്രേയ ഘോഷാലുമുൾപ്പെടെ അനേകം ഗായികമാർ ആദ്യം പാടിത്തെളിഞ്ഞത് ലതയുടെ ഗാനങ്ങളിലൂടെയാണ്. ഈ ഗാനങ്ങൾ പിന്നീടവർക്ക് വിശ്വസ്തരായ വഴികാട്ടികളായി. തലമുറകളെ സ്വാധീനിച്ച മാസ്മരിക സ്വരം മാത്രമല്ല ലതാജി. ഗാനത്തിന്റെ സൗന്ദര്യവും ഭാവഗരിമയും ഒരുപോലെ അനുഭവിപ്പിക്കാൻ അവർക്കു കഴിയുന്നു. രസിക് ബല്മാ...പാടിത്തീരുമ്പോൾ അറിയാതെ കരഞ്ഞു പോകുന്ന ഒരു ഗായികയെക്കുറിച്ച് സംഗീത നിരൂപകൻ രവി മേനോൻ എഴുതിയിട്ടുണ്ട്.  സ്വന്തം സഹോദരനെപ്പോലെ ലതാജി പരിഗണിച്ചിരുന്ന സംഗീത സംവിധായകൻ മദൻമോഹനെ അനുസ്മരിച്ചുകൊണ്ട് വർഷങ്ങൾക്കു മുമ്പ്   ലതാജി ശ്രദ്ധാഞ്ജലി എന്ന ഒരു കാസറ്റ് അവതരിപ്പിച്ചിരുന്നു. ലത-മദൻ മോഹൻ ജോഡിയുടെ ഗാനങ്ങൾ പലതും ശ്രദ്ധിച്ചു കേട്ടാൽ അകാരണമായൊരു വിഷാദം മനസ്സിലുണരുന്നതായി അനുഭവപ്പെടും. ഉത്തമമായ കലയുടെ സൗന്ദര്യ രഹസ്യമാണത്. സി. രാമചന്ദ്ര, നൗഷാദ്, സലിൽ ചൗധരി, ലക്ഷ്മി കാന്ത് പ്യാരേലാൽ, റോഷൻ, ശങ്കർ ജയ്കിഷൻ തുടങ്ങി ഹിന്ദി സിനിമാരംഗത്തെ മിക്കവാറും എല്ലാ പ്രമുഖ സംഗീത സംവിധായകരും ലതാജിക്കു വേണ്ടി പാട്ടികളുണ്ടാക്കിയിട്ടുണ്ട്. അവയിൽ മിക്കവാറും എല്ലാം തന്നെ കാലാതിവർത്തിയായി ഇന്നും നിലനിൽക്കുന്നു. ഒപ്പം പാടിയവരിൽ മുഹമ്മദ് റഫിക്കു മാത്രമാണ് ലതയുടെ ആലാപന സൗന്ദര്യത്തിനൊപ്പം പിടിച്ചു നിൽക്കാനും പല ഘട്ടത്തിലും മുന്നിൽ കടക്കാനും കഴിഞ്ഞിട്ടുള്ളത്. 

ഭാരതരത്‌നവും പത്മഭൂഷണും ദാദാസാഹിബ് ഫാൽക്കേ അവാർഡും ഇന്ത്യയുടെ വാനമ്പാടി എന്ന അംഗീകാരവും  മൂന്നു ദേശീയ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും ഈണങ്ങളുടെ രാജ്ഞി ബഹുമതിയും ഉൾപ്പെടെ നൂറുകണക്കിനു ബഹുമതികൾ ലഭിച്ചിട്ടുള്ള ലതയുടെ ജീവിതം സിനിമയെ വെല്ലുന്ന ആരോഹണാവരോഹണങ്ങൾ നിറഞ്ഞതായിരുന്നു. ഗോവയിലെ ഒരു സാധാരണ ഗ്രാമമായ മങ്കേഷി ഇന്നു ലോകമെങ്ങും അറിയപ്പെടുന്നത് ആ ഗ്രാമത്തിൽ നിന്നുള്ള ഈ കലാകുടുംബത്തിന്റെ പേരിലാണ്. ഉത്തരേന്ത്യയിൽ കവികളും കലാകാരന്മാരും പൊതുവെ അവരുടെ നാടിന്റെ പേരു കൂടി ചേർത്താണ് അറിയപ്പെടാറുള്ളത്. കർണാടകയും ആ്രന്ധയും ഉൾപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഈ പതിവുണ്ട്. ലതാ മങ്കേഷ്‌കറുടെ പിതാവ് നടനും ഗായകനുമായിരുന്ന ദീനാനാഥ് മങ്കേഷ്‌കർ മക്കളുടെയെല്ലാം പേരിനൊപ്പം മങ്കേഷ്‌കർ ചേർത്തു. ആശ മാത്രമാണ് ഭർത്താവിന്റെ പേരായ ഭോസ്ലേ പേരിനൊപ്പം നിലനിർത്തിയത്.

ലോകം കോവിഡിന്റെ പിടിയിൽ അമർന്നപ്പോൾ മികച്ച അനേകം പ്രതിഭകളെ നമുക്കു നഷ്ടമായി. ലതാജിയുടെ മരണവും പ്രതീക്ഷിതമായിരുന്നു. കോവിഡ് നൽകിയ പരിക്കുകളിൽനിന്ന് അവർക്കു രക്ഷപ്പെടാൻ കഴിഞ്ഞില്ല. തൊണ്ണൂറ്റിമൂന്നാം വയസ്സിൽ ഈ ലോകം വിട്ടുപോയെങ്കിലും അവരുടെ ശബ്ദം ലോകമെങ്ങും ചിരകാലം മുഴങ്ങുമെന്ന് സംശയലേശമന്യേ പറയാൻ കഴിയും. ലത പാടിയ ഭജനുകളിൽ അവർക്കും ലക്ഷക്കണക്കായ ആരാധകർക്കും ഒരുപോലെ പ്രിയങ്കരമായ അല്ലാ തേരേ നാം.. ഈശ്വർ തേരേ നാം..സബ് കോ സന്മതി ദേ ഭഗവാൻ... (നീയാണ് അല്ലാഹു, ഈശ്വരനും നീ തന്നെ.. എല്ലാവർക്കും സന്മനസ്സസു തോന്നിക്കണേ ദൈവമേ) എന്ന ജയ്‌ദേവ് സംഗീതം നൽകിയ സാഹിർ ലുധിയാൻവിയുടെ അർഥഗർഭമായ വരികൾ മനസ്സിലോർത്തുകൊണ്ട് ആ വലിയ ഗായികയുടെ ഓർമകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു. 

Latest News