Sorry, you need to enable JavaScript to visit this website.

സുവർണ ഗായികയുടെ ആലാപന ജീവിതം

പതിമൂന്നാം വയസ്സിൽ ഗായികയായി അരങ്ങേറ്റം കുറിച്ച ലതാ മങ്കേഷ്‌കർ ഇന്ത്യയുടെ സ്വര സരസ്വതിയാണ്. അമ്പതുകളിലും അറുപതുകളിലും രാജ്യത്തെ ഒന്നിപ്പിച്ചു നിർത്തുന്ന മധുര സ്വരമായിരുന്നു അത്. അക്കാലത്തെ എല്ലാ മുൻനിര നായികമാർക്കും വേണ്ടി ലതാ മങ്കേഷ്‌കർ ഹൃദയം തുറന്ന് പാടി. ഇന്ത്യ-ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ അനുസ്മരിക്കുന്ന ഗാനം പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ കണ്ണീരണിയിച്ചു. രാജ്യത്തിന്റെ സുവർണ ശബ്ദമായിരുന്നു അവർ. 


'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും വൈവിധ്യമാർന്ന ഗായികമാരിൽ ഒരാളാണ്. മധ്യപ്രദേശിലെ ഇൻഡോറിൽ ശാസ്ത്രീയ ഗായകനും നാടക കലാകാരനുമായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ഷെവന്തിയുടെയും മകളായി 1929 സെപ്റ്റംബർ 28 നാണ് ലത ജനിച്ചത്. മീന, ആശാ ഭോസ്ലെ, ഉഷ, ഹൃദയനാഥ് മങ്കേഷ്‌കർ എന്നീ നാല് സഹോദരങ്ങളുടെ മൂത്ത സഹോദരിയാണ് ലത. 
1942 ൽ മറാത്തി ചിത്രമായ 'പാഹിലി മംഗളഗൗർ' എന്ന ചിത്രത്തിലൂടെ 13 ാം വയസ്സിൽ ലതാ മങ്കേഷ്‌കർ തന്റെ ആലാപന ജീവിതം ആരംഭിച്ചു. 1949 ൽ പുറത്തിറങ്ങിയ 'മഹൽ' എന്ന ചിത്രത്തിലെ 'ആയേഗ ആനേവാല' എന്ന ഗാനത്തിന് സ്‌ക്രീനിൽ ചുണ്ടനക്കിയത് അന്തരിച്ച നടി മധുബാലയായിരുന്നു. ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള പിന്നണി ശബ്ദമായി മാറുമ്പോൾ മങ്കേഷ്‌കറിന് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 
ഒരു ദശാബ്ദത്തിനു ശേഷം 1958 ൽ അവർ വൈജയന്തിമാലയെ നായികയാക്കി ബിമൽ റോയ് സംവിധാനം ചെയ്ത 'മധുമതി'ക്ക് വേണ്ടി ആജാ രേ പർദേശി എന്ന ഗാനം പാടി. 1960 ൽ പുറത്തിറങ്ങിയ കെ. ആസിഫിന്റെ മഹത്തായ ചിത്രമായ 'മുഗൾ-ഇ-ആസ'മിൽ പ്യാർ കിയാ തോ ഡാർണാ ക്യാ എന്ന പാട്ട്. ധിക്കാരിയായ അനാർക്കലിയുടെ വികാരങ്ങൾ മധുബാല പറഞ്ഞപ്പോൾ ആവേശവും കലാപവും ചിത്രീകരിച്ചത് മങ്കേഷ്‌കറിന്റെ ശബ്ദമായിരുന്നു. അതേ വർഷം തന്നെ 1965 ൽ പുറത്തിറങ്ങിയ വഹീദാ റഹ്മാൻ അഭിനയിച്ച 'ഗൈഡ്' എന്ന ചിത്രത്തിലും പാടി. ഹിന്ദി സിനിമയുടെ സുവർണ കാലഘട്ടമായി കണക്കാക്കപ്പെടുന്ന 1950 കളിലെയും 60 കളിലെയും എല്ലാ മുൻനിര നായികമാർക്കും വേണ്ടി ലതാ മങ്കേഷ്‌കർ ഹൃദയം തുറന്ന് പാടി.

ക്ലാസിക്കൽ, നാടോടി പാട്ടുകളിലും അടിപൊളി ഗാനങ്ങളിലും ഒരുപോലെ തിളങ്ങിയ മങ്കേഷ്‌കർ 1972 ൽ ആർ.ഡി. ബർമൻ സംഗീത സംവിധാനം ചെയ്ത 'അനാമിക' എന്ന ചിത്രത്തിലെ ബഹോൺ മെം ചേലേ ആവോ എന്ന ഗാനം ആലപിച്ചപ്പോൾ അവർ ആരാധകരെ അത്ഭുതപ്പെടുത്തി. അതേ വർഷം തന്നെ കമൽ അംരോഹിയുടെ 'പക്കീസ'യും പുറത്തിറങ്ങി. നടി മീനാ കുമാരി ഒരു ലഖ്നൗ അഭിസാരികയുടെ വേഷം അവതരിപ്പിച്ച ചിത്രത്തിൽ ചില നിത്യഹരിത ഗാനങ്ങളാണ് ലതയുടെ കണ്ഠത്തിലൂടെ പുറത്തു വന്നത്. 
1972 ൽ പുറത്തിറങ്ങിയ ഗുൽസാറിന്റെ 'പരിചയ്' എന്ന ചിത്രത്തിലെ ബീതി നാ ബീതയേ റെയ്ന എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികയായി ലതാ ദീദി ആദ്യമായി ദേശീയ പുരസ്‌കാരം നേടി. രണ്ട് വർഷത്തിന് ശേഷം 'കോര കാഗസ്' എന്ന ചിത്രത്തിലെ റൂത്തെ റൂത്തെ പിയ എന്ന ഗാനത്തിന് രണ്ടാം തവണയും ദേശീയ അവാർഡ് കരസ്ഥമാക്കി. 1977 ൽ പുറത്തിറങ്ങിയ ഗുൽസാറിന്റെ 'കിനാര' എന്ന ചിത്രത്തിന് വേണ്ടി ഈ ഗാനം അവതരിപ്പിച്ചത് ആർ.ഡി. ബർമനാണ്. 
80 കളിൽ മങ്കേഷ്‌കർ ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ സമ്മാനിക്കുന്നതാണ് കണ്ടത്. 1990 കളിൽ സഹോദരൻ ഹൃദയനാഥ് മങ്കേഷ്‌കറുമായി ഗുൽസാറിന്റെ 'ലെകിൻ' എന്ന ചിത്രത്തിനായി സഹകരിച്ചു. ഈ ഗംഭീര ഗാനം, യാര സിലി സിലി, മികച്ച പിന്നണി ഗായിക വിഭാഗത്തിൽ മങ്കേഷ്‌കറിന് മൂന്നാമത്തെ ദേശീയ അവാർഡ് നേടിക്കൊടുത്തു. ലതാ മങ്കേഷ്‌കറിന് അവരുടെ മനോഹര സ്വരത്തിലൂടെ എല്ലാ വികാരങ്ങളും അനായാസമായി ഉണർത്താൻ കഴിഞ്ഞിരുന്നു. ഫലപ്രദമായി ദേശസ്നേഹം ഉണർത്താനും ലതയുടെ സ്വരമാധുരിക്ക് കഴിഞ്ഞു. ഇന്ത്യ-ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ അനുസ്മരിക്കുന്ന ഗാനം പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ കണ്ണീരണിയിച്ചു. 
1989 ൽ ചാന്ദ്നി, 1991 ൽ ലംഹെ... 1995 ൽ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, 1997 ൽ ദിൽ തോ പാഗൽ ഹേ തുടങ്ങി മിക്കവാറും എല്ലാ യാഷ് ചോപ്ര സിനിമകൾക്കും മങ്കേഷ്‌കർ പാടിയിട്ടുണ്ട്. ദിൽ സേ, സുബൈദ, ലഗാൻ, രംഗ് ദേ ബസന്തി തുടങ്ങിയ ഹിറ്റുകൾ ... ലതാ മങ്കേഷ്‌കറിന് എട്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 1989 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ്, 2001 ലെ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന, മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ. 7 ഫിലിം ഫെയർ അവാർഡുകൾ. 2019 സെപ്റ്റംബറിൽ 90 ാം ജന്മദിനത്തിൽ ഇന്ത്യാ ഗവൺമെന്റ് അവർക്ക് ഡോട്ടർ ഓഫ് ദി നേഷൻ അവാർഡ് നൽകി ആദരിച്ചു. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി ലതാ മങ്കേഷ്‌കറിന്റെ ശബ്ദം ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിന്റെ ഭാഗമാണ്. അവരുടെ കർമകാണ്ഡം സമാനതകളില്ലാത്തതാണ്. രാജ്യത്തെ തന്റെ സുവർണ ശബ്ദവീചിയിൽ ലയിപ്പിച്ച് ഒന്നാക്കി ലതാ മങ്കേഷ്‌കർ.

Latest News