ധര്‍മസന്‍സദില്‍ കേട്ടത് ഹിന്ദുത്വ രീതിയല്ലെന്ന് മോഹന്‍ ഭാഗവത്

നാഗ്പൂര്‍- ന്യൂനപക്ഷങ്ങളെ ആയുധമെടുത്ത് ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്ത ധര്‍മ സന്‍സദിലെ വിവാദ പ്രസംഗങ്ങളെ തള്ളി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഈയിട ധര്‍മ സന്‍സദില്‍ നടന്ന പരാമര്‍ശങ്ങള്‍ ഹിന്ദത്വ രീതിയല്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
ദല്‍ഹിയിലും ഹരിദ്വാറിലും നടന്ന ധര്‍മ സന്‍സദിലെ വിദ്വേഷ പ്രസംഗങ്ങള്‍ വിവാദമായിരുന്നു. മതനേതാക്കള്‍ നല്‍കിയ ആഹ്വാനത്തെ പ്രത്യേകം എടുത്തു പറയാതെ ധര്‍മ സന്‍സദിലെ പ്രസ്താവനകള്‍ ഹിന്ദുത്വക്ക് ചേര്‍ന്നതല്ലെന്ന് മാത്രമാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.
ഹരിദ്വാറില്‍ നടന്ന ഹിന്ദു മത സമ്മേളനത്തില്‍ യതി നരംസിഗാനന്ദ് സരസ്വതിയാണ് ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാന്‍ ഓരോ ഹിന്ദു യുവാവും ഭിന്ദ്രന്‍വാലയോ പ്രഭാകരനോ ആകണമെന്ന് ആഹ്വാനം ചെയ്തത്. ദല്‍ഹിയില്‍ യുവാവാഹിനിയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു.
ധര്‍മസന്‍സദില്‍നിന്ന് പുറത്തുവന്ന പ്രസ്താവനകള്‍ ഹിന്ദു വാക്കുകളല്ല. ദേഷ്യത്തില്‍ താന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു ഹിന്ദുത്വമല്ല. ആര്‍.എസ്.എസോ ഹിന്ദുത്വം പിന്തുടരുന്നവരോ ഇതില്‍ വിശ്വസിക്കുന്നില്ല-മോഹന്‍ ഭാഗവത് പറഞ്ഞു.
വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടിയും ശത്രതയുടെ പോരിലും നടത്തുന്ന പ്രസ്താവനകള്‍ ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്നില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News