Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള

കഴിഞ്ഞ ആഴ്ചയുടെ ഒടുക്കം രണ്ടു കാര്യം ഉറപ്പിച്ചുകൊണ്ടായിരുന്നു.  ഒന്ന്, ഫലിതവും പരിഹാസവുമായി ഉദ്ദേശിച്ചു പറയുന്നത് വിചാരിച്ചതിലും വേഗം പരുക്കനായ സത്യമായി വരാം. രണ്ട്, രാഷ്ട്രീയ ശത്രുതയെപ്പറ്റിയുള്ള പൊതുസങ്കൽപം ഉടനുടൻ മാറിപ്പോകാം.  
ഫലിതമായോ ആക്ഷേപഹാസ്യമായോ സീതാറാം യെച്ചൂരി പറഞ്ഞുപോയതായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള എന്ന പ്രയോഗം.  കാൽ നൂറ്റാണ്ടത്തെ കമ്യൂണിസ്റ്റ് ഭരണം ത്രിപുരയിൽ അവസാനിച്ചതോടെ ആ പ്രയോഗം ഫലിക്കുന്നതുപോലെ തോന്നി, പലർക്കും.
പശ്ചിമ ബംഗാളിൽ കമ്യൂണിസത്തിന് എന്നും കൊയ്ത്തു കാലമാണെന്ന് ഒരു വിചാരമുണ്ടായിരുന്നു.  അവിടെ കോൺഗ്രസ്സും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലേ സമത്വമില്ലാത്ത മൽസരം നടക്കൂ എന്നായിരുന്നു ധാരണ.  അതു മാറി. പഴയ മുഖ്യധാരാ കോൺഗ്രസ്സിൽ നിന്നു മാറിപ്പോന്ന ഒരു സ്ത്രീ അധികാരം കയ്യേറിയപ്പോൾ മൂന്ന് ഇന്ത്യൻ ചെങ്കോട്ടകളിൽ ഒന്ന് പൊളിഞ്ഞു.  അതായിരുന്നു പൊളിയാത്തതെന്നു പലരും കരുതിയ കോട്ട.  
അതിനടുത്ത് ഒരു വലിയ ജില്ല പോലെ ചെറുതായിക്കിടക്കുന്ന സംസ്ഥാനമാണ് ത്രിപുര.  ത്രിപുരയിലെ ആളുകളെയെല്ലാം കമ്യൂണിസ്റ്റാക്കിയ ഒരു വയോധികനുണ്ടായിരുന്നു, നൃപൻ ചക്രവർത്തി.  എന്തിന്റെയൊക്കെയോ പേരിൽ നൃപൻ പുറത്താക്കപ്പെട്ടു.  അതായിരുന്നു ത്രിപുരയിൽ പാർടിയുടെ ആദ്യത്തെ തോൽവി.  പിന്നെ വന്ന മണിക് സർക്കാറിന്റെ ലാളിത്യമെല്ലാം ശ്ലാഘിക്കപ്പെടുന്നതു കേട്ടു.  ലാളിത്യം കൊണ്ട് അധികാരം പിടിച്ചെടുക്കാമെന്ന പുരാവൃത്തം പൊള്ളയാണെന്നു തെളിയാൻ ഇന്നലെവരെയേ സമയം വേണ്ടിവന്നുള്ളു. 
അവശേഷിക്കുന്ന ചെമ്മൺ കോട്ടകളിൽ, കേരളത്തിൽ കോൺഗ്രസ ്കമ്യൂണിസ്റ്റ് മന്ത്രിസഭകൾ മാറി വന്നു.  ബംഗാളി കോട്ടകൾ ഇടിയുമ്പോഴും കേരളത്തിലേത് ഒട്ടൊക്കെ ഉറച്ചുനിൽക്കുന്നു എന്നൊരു വീമ്പ്  പറച്ചിൽ മലയാളിസഖാക്കൾക്കിടയിൽ  കേൾക്കായി.  
അന്തർദ്ദേശീയത ആദർശമായി കൊണ്ടു നടക്കുന്ന പാർട്ടിയെ കൊച്ചു കേരളത്തിന്റെ കുറ്റിയിൽ തറക്കാനാണോ ഭാവം എന്ന കുസൃതിച്ചോദ്യം ജനറൽ സെക്രട്ടറിയുടെ വിമർശനത്തിൽ ഉണ്ടായിരുന്നു.  പക്ഷേ ഇന്നത്തെ രാഷ്ട്രീയ നിലവാരം അതല്ലേ?  കമ്യൂണിസം ജയിച്ചു നിൽക്കുന്നത് പോലെ തോന്നുന്നത് കേരളത്തിലല്ലേ? ദേശീയവും ഒരു വേള അന്തർദ്ദേശീയവുമായ പാർട്ടിയുടെ നയവും അഭിനയവും നിശ്ചയിക്കേണ്ടത് കേരള കമ്യൂണിസ്റ്റ് പാർട്ടിയല്ലേ?
ആറു പതിറ്റാണ്ടു മുമ്പ്, കൃത്യമായി പറഞ്ഞാൽ, 1957ൽ പരിഷ്‌കൃതമായ സമരത്തിലൂടെ കേരളത്തിൽ അധികാരം പറ്റിയതാണ് പാർട്ടി. പാർട്ടിയുടെ ചരിത്രത്തിന് അതിലും നീളം കാണും.  കോൺഗ്രസ്സായും കോൺഗ്രസ് സോഷ്യലിസ്റ്റായും പിന്നെ കമ്യൂണിസ്റ്റായും ഇടത്‌വലത് കമ്യൂണിസ്റ്റായും  രാഷ്ട്രീയ പരിണാമം സംഭവിച്ചതാണ് നമ്മുടെ പാർട്ടി.
യെച്ചൂരിക്ക് ഒരു ഗർവുണ്ടാകും, ആദ്യം കമ്യൂണിസം പൂക്കേണ്ടത് ആന്ധ്രയിലായിരുന്നു, കേരളത്തിലായിരുന്നില്ല. വർഗ്ഗയുദ്ധവും വിപ്ലവവും ആദ്യം പൊട്ടേണ്ടത് ഫ്രാൻസിലാണെന്ന് കാൾ മാർക്‌സ് വിഭാവനം ചെയ്തിരുന്നില്ലേ?  അത് യെച്ചൂരിയുടെ കൃഷ്ണ ഗോദാവരീ ഭൂമിയിൽ സംഭവിച്ചു.  പിന്നെ അവിടത്തെ പാർട്ടി ഏതാനും നേതാക്കളോ കൈവിരലിലോ കാൽ വിരലിലോ എണ്ണാവുന്ന തീവ്രവാദികളോ ആയി ചുരുങ്ങി.  അതിൽ നിന്നുണ്ടാകുന്ന നീരസം യെച്ചൂരിയുടെ കേരള കമ്യൂണിസ്റ്റ് പാർട്ടി പ്രയോഗത്തിൽ തൊട്ടുകൂട്ടാം. അരിശം കേറിയ ഫലിതമായി പറഞ്ഞത് അങ്ങനെ പരോക്ഷ സത്യമായി.  അങ്ങനെയായി രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടുപിടുത്തം.
രാഷ്ട്രീയനിരീക്ഷകർ ഈ തക്കം നോക്കി മറ്റൊരു നിഗമനത്തിലേക്കു കൂടി എത്തിയിരിക്കുന്നു.  ശത്രുക്കളെ ഒറ്റക്കൊറ്റക്കു കൂട്ടുപിടിച്ച് വക വരുത്തിത്തീർക്കണം എന്നാണല്ലോ മഹാനായ ലെനിന്റെ അരുളപ്പാട്.  കോൺഗ്രസ് ശത്രുവാണെങ്കിലും ബദ്ധശത്രുവായ ബി ജെ പിയെ തോൽപിക്കാൻ കോൺഗ്രസ്സുമായി കൂട്ടു കൂടണം എന്ന ലെനിൻ തിയറിയാണ് കോട്ട പൊളിഞ്ഞ നാട്ടിലെ സഖാക്കൾ ഉരുവിടുന്നത്.  
അങ്ങനെയായാൽ യെച്ചൂരിക്ക് ഒരു വട്ടം കൂടി രാജ്യസഭയിൽ വാഴാം എന്ന പാർലമെന്ററി പ്രലോഭനവും അതിൽ ഉൾച്ചേർന്നിരിക്കുന്നു.  അതു പൊളിഞ്ഞ രോഷത്തിൽ അദ്ദേഹം തട്ടിവിട്ടതാവാം കേരള കമ്യൂണിസ്റ്റ് പാർട്ടി പ്രയോഗം.  
ആ പ്രയോഗത്തിനും കോൺഗ്രസ്സുമായി കൂട്ടു കൂടി ബി ജെ പിയെ തോൽപിക്കണമെന്ന യെച്ചൂരി സിദ്ധാന്തത്തിനും ത്രിപുര വഴി കൂടുതൽ പ്രസക്തി ഉണ്ടായിരിക്കുന്നുവെന്നത്രേ നിരീക്ഷകരുടെ ഉൾവിളി. വൈകിയാണെങ്കിലും അവർ യെച്ചൂരിയെ കയ്യടിച്ച് വണങ്ങുകയും കോൺഗ്രസ് കമ്യൂണിസ്റ്റ് സഖ്യത്തിനുവേണ്ടി മുറവിളി കൂട്ടുകയും ചെയ്തു കൊണ്ടിരിക്കുന്നു.  ഇതെല്ലാം നടക്കുന്നതിന്റെ പശ്ചാത്തലം ബി ജെ പി ആണ് കമ്യൂണിസത്തിന്റെ ആജന്മശത്രുവെന്ന വിചാരം തന്നെ.  ഇവിടെ രണ്ടു രീതിയിൽ ചിന്ത പോകാം.
ഒന്നാമതായി, ബി ജെ പിയും ചങ്ങാത്തത്തിനു തീർത്തും കൊള്ളാത്തതാവണമെന്നില്ല. രണ്ടാമതായി, കോൺഗ്രസ്സുമായി എന്നും ശത്രുതയായിരുന്നുവെന്നും ധരിക്കേണ്ട.
നേരമ്പോക്കായി പറയട്ടെ, കാവിയിലും കൃഷ്ണാഷ്ടമിയിലും ക്ഷേത്രഭരണത്തിലും കുത്തിയോട്ടത്തിലും മറ്റും കമ്യൂണിസ്റ്റ് പാർട്ടിക്ക് ഹരം പിടിച്ചിരിക്കുന്നു.
  ഹിന്ദുവാദത്തെ അപ്പാടെ തള്ളിയാൽ വിപ്ലവം വരുമെന്ന ധാരണ ഇല്ലാതായിരിക്കുന്നുവെന്നർഥം.  അടിയന്തരാവസ്ഥയിൽ പോലും പാർട്ടിയോടൊപ്പം നിന്ന മുസ്ലിം ലീഗിന്റെ വാലിനെ എൺപതുകളുടെ നടുവിൽ ഒടിച്ചുകളഞ്ഞു. 
പിന്നെ 87ൽ ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും പേരു പറഞ്ഞു നടക്കുന്ന പാർട്ടികളെ അകറ്റിനിർത്തി ഭരണം നേടാമെന്നു തെളിയിച്ചപ്പോൾ കോൺഗ്രസ് കഷ്ടപ്പെടുകയും ബി ജെ പി ഉറക്കെയല്ലെങ്കിലും ഉൽസാഹത്തോടെ രാമനാമം ജപിക്കുകയും ചെയ്തു. 
ബി ജെ പിക്കാർ സമ്മതിക്കില്ലെങ്കിലും, അടിയന്തരാവസ്ഥക്കെതിരെ പോരാടാൻ കമ്യൂണിസ്റ്റ് പാർട്ടിയുമുണ്ടായിരുന്നുവെന്ന് ചില സഖാക്കൾ അവകാശപ്പെടുന്നു.  89 ആയപ്പോഴേക്കും ബി ജെ പിയോടൊപ്പം ആഞ്ഞുപിടിച്ച് ഒരു കോൺഗ്രസ്സിതര ഭരണകൂടത്തെ കുറച്ചിട പോറ്റി വളർത്താനും കമ്യൂണിസ്റ്റ് പാർട്ടിക്കായി.  ഫാസിസവും മുഖ്യശത്രുതയുമെല്ലാം ബി ജെ പിയിൽ ചാർത്തപ്പെട്ടത് പിന്നീടായിരുന്നു. അങ്ങനെ കോൺഗ്രസ് മുഖ്യശത്രു അല്ലാതെയുമായി, അന്തർദ്ദേശീയ തലത്തിലെങ്കിലും.
ആ ചിന്തയിൽനിന്നുമുയരുന്നതെന്താകും, അടവോ നയമോ അടവുനയമോ?  അധികാരത്തിനു വേണ്ടി കൊച്ചുകേരളത്തിൽ നടക്കുന്ന പോരാട്ടത്തിൽ രണ്ടു ചേരികളേ ഇന്നലെയോളം ഉണ്ടായിരുന്നുള്ളു.  കോൺഗ്രസും കൂട്ടരും കമ്യൂണിസ്റ്റും കൂട്ടരും.  ബി ജെ പിക്ക് അവിടെ പ്രവേശമുണ്ടായിരുന്നില്ല.  
ഇനിയും എന്തെങ്കിലുമൊരു രാഷ്ട്രീയ സുനാമി പൊട്ടിയാലേ കൊച്ചു കേരളത്തിൽ അങ്ങനെയൊരു സ്ഥിതിവിശേഷം മുന്നിൽ കാണേണ്ടതുള്ളു.  ത്രിപുര കേരളത്തിൽ ആവർത്തിക്കാനിരിക്കുന്നുവെന്നത് തൽക്കാലം ഒരു മുദ്രാവാക്യമായി കൂട്ടിയാൽ മതി.  അതൊഴിവാക്കാൻ എന്നും ഇന്നും തള്ളിപ്പറയുന്ന കോൺഗ്രസ്സുമായി കമ്യൂണിസ്റ്റ് പാർട്ടി കൈ കോർക്കണമെന്നു വന്നാൽ അതിൽപരം നാണക്കേട് വേറെയുണ്ടോ എന്നു ചോദിക്കുന്നവരാകും രാഷ്ട്രീയ യുക്തിവാദികൾ. അവർക്കായി സമാധാനം ഒന്നേയുള്ളു:  രാഷ്ട്രീയം യുക്തിയല്ല.  
പണ്ടും പറഞ്ഞതാണ്, കൃഷ്ണനെപ്പോലെ, മിത്രമായും ശത്രുവായും താന്തന്നെയായും തിരഞ്ഞെടുപ്പു തോറും കയറിയിറങ്ങുന്നതാണ് കോൺഗ്രസ്. ഇന്ദിര ഗാന്ധിയുടെ ആദ്യദിനങ്ങളിൽ, പ്രതിസന്ധി വരുമ്പോഴൊക്കെ, അവരെ കൈകൊടുത്ത് ഉയർത്തിയത് കമ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു.  എഴുപതുകളുടെ ആദ്യം അവരായിരുന്നു പുരോഗമനവാദത്തിന്റെ ഐക്കൺ.  ഒരു ചുവപ്പു ചേരിയുടെ നോട്ടത്തിൽ അടിയന്തരാവസ്ഥയിൽ പോലും അവർ ആത്മമിത്രമായിരിക്കാൻ കൊള്ളാവുന്ന കക്ഷി ആയിരുന്നു.  ആ നിലപാട് ഭടിന്ദ വരെ നീണ്ടു, അതുവരെ മാത്രം.  പിന്നെ സോണിയയുടെയും മൻമോഹൻ സിംഗിന്റെയും കോൺഗ്രസ്സിനെ കയ്യയച്ചു സഹായിക്കാനായിരുന്നു കമ്യൂണിസ്റ്റ് ഊഴം.  എല്ലാ നന്മകളെയും പോലെ അതിനുമുണ്ടായിരുന്നു ഒരു അവസാനം.  
അതിനിയും ആവർത്തിക്കണം, അതാ വരുന്നൂ ബി ജെ പി, എന്ന മട്ടിലാണ് ബംഗാളിൽനിന്നും അതിന്റെ അവാന്തര വിഭാഗമായ ത്രിപുരയിൽനിന്നും ഉയരുന്ന രക്തസംഗീതം. കേരള കമ്യൂണിസ്റ്റ് പാർട്ടി അതിനു വഴങ്ങിക്കൊടുക്കുകയാണെങ്കിൽ രസകരമായ ഒരു സ്ഥിതി ഉണ്ടാകും.  ഇപ്പോൾ തമ്മിൽത്തമ്മിൽ തെറി പറയുന്ന രണ്ടു കൂട്ടർ കെട്ടിപ്പിടിക്കും, ബി ജെ പി എന്ന ഉമ്മാക്കിയെ അകറ്റിനിർത്താൻ.  അതിനർഥം ഇപ്പോഴത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നാവും.  പ്രതിപക്ഷം എന്നൊന്നില്ലാത്ത ഭരണം നിലവിൽ വരും. യെച്ചൂരിയുടെ വാദത്തിൽ നിന്നുരുത്തിരിയുന്ന ആ വിചാരം യുക്തി.  യുക്തിയല്ലല്ലോ കൊച്ചുകേരളത്തിൽ, കേരള കമ്യൂണിസ്റ്റ്  പാർട്ടിയെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയം! 
 

Latest News