മൈസൂരു- ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ സ്‌കൂളുകളിലേക്കല്ല, മദ്രസകളിലേക്കാണ് പോകേണ്ടതെന്ന് ബി.ജെ.പി എം.പി പ്രതാപ് സിംഹ. കര്‍ണാടകയില്‍ രണ്ട് കോളേജുകളില്‍ ഹിജാബ് നിരോധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം തുടരുന്നതിനിടെയാണ് എം.പിയുടെ വിവാദ പ്രസ്താവന.
പഠിച്ച് നല്ല ജോലി നേടാനാണ് എല്ലാവരും കോളേജിലേക്ക് വരുന്നതെന്നും ഈ വിദ്യാര്‍ഥിനികള്‍ വരുന്നത് ഹിജാബ് കാണിക്കാനാണെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഹിജാബോ ബുര്‍ഖയോ തൊപ്പിയോ ധരിക്കണമെങ്കില്‍ ആകാമെന്നും അവര്‍ മദ്രസകളിലേക്കാണ് പോകേണ്ടതെന്നും അതിനായി സര്‍ക്കാര്‍ ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ വികാരങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ മദ്രസകള്‍ക്ക് ഗ്രാന്‍ഡ് നല്‍കുന്നതെന്നും അവിടേക്ക് പോകണമെന്നും ബി.ജെ.പി എം.പി പറഞ്ഞു.
ഹിജാബിനെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യക്ക് പേര് സിദ്ദ റഹീം അയ്യ എന്നാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് വര്‍ഷങ്ങളായി നിലവിലുള്ളതാണെന്നും എന്നാല്‍ കാവി ഷാള്‍ അടുത്തിടെയാണ് കോളേജുകളില്‍ പ്രത്യക്ഷപ്പെട്ടതെന്നും സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹിജാബ് അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിനികള്‍ രംഗത്തുവന്നിരിക്കെ സംഘ് പരിവാറിനെ അനുകൂലിക്കുന്ന വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ച് കോളേജുകളിലെത്തിയിരുന്നു.