റിയാദ് - സൗദി അറേബ്യയിൽ ഇന്നു മുതൽ സാമൂഹിക മാധ്യമങ്ങൾ കർശന നിരീക്ഷണത്തിലാണെന്ന് പ്രചരിക്കുന്ന വാർത്ത വ്യാജം. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സിഐടിസി) സ്വദേശികളുടെയും വിദേശികളുടെയും മൊബൈൽ ഫോണുകളിലേക്ക് അയച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത പ്രചരിക്കുന്നത്.
സംശയകരമായ ഇമെയിലുകൾക്ക് മറുപടി നൽകരുതെന്നും വ്യക്തിഗത വിവരങ്ങൾ അജ്ഞാതർക്ക് കൈമാറരുതെന്നുമാണ് സിഐടിസി എല്ലാ മൊബൈൽ വരിക്കാർക്കും അയച്ച സന്ദേശത്തിൽ അറിയിച്ചത്. അതോടൊപ്പം തന്നെ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കരുത്. മൊബൈൽ ഫോൺ കാമറ വഴി മറ്റുള്ളവരെ ചൂഷണം ചെയ്യരുത് തുടങ്ങിയ സന്ദേശങ്ങളും കഴിഞ്ഞ ദിവസം മൊബൈൽ ഫോണുകളിലെത്തിയിരുന്നു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിലാണ് സൗദി അറേബ്യയിൽ സാമൂഹിക മാധ്യമങ്ങൾ നിരീക്ഷണത്തിലാണെന്നും ഷെയറിംഗ് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വോയ്‌സ് മെസേജ് പ്രചരിക്കുന്നു.
എന്നാൽ സൗദിയിൽ സാമൂഹിക മാധ്യമങ്ങൾ വളരെ നേരത്തെ തന്നെ നിരീക്ഷണത്തിലാണ്. പുതുതായി ഒരു അറിയിപ്പും ഇതുസംബന്ധിച്ച് അധികൃതരിൽ നിന്ന് ലഭിച്ചിട്ടില്ല.സിഐടിസി ജനോപകാരപ്രദമായ നിരവധി കാര്യങ്ങൾ അവസരത്തിനൊത്ത് എല്ലാവർക്കും അയക്കാറുണ്ട്. സൗദി നിയമങ്ങൾ അറിയാത്ത ആരോ ആണ് പുതിയ വോയ്‌സ് മെസേജിന് പിന്നിൽ.






