കൊച്ചി- ബാലചന്ദ്രകുമാര്‍ ബലാത്സംഗത്തിനിരയാക്കിയെന്ന് പോലീസില്‍ പരാതിപ്പെട്ട യുവതിയുടെ മൊഴി എളമക്കര പോലീസ് ചൊവ്വാഴ്ച രേഖപ്പെടുത്തും. രാവിലെ 10.30ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എളമക്കര സി ഐ ഇവര്‍ക്ക് നോട്ടീസ് നല്‍കി. കണ്ണൂര്‍ സ്വദേശിനിയായ ഇവര്‍ എറണാകുളത്ത് ഹോംനഴ്‌സായി ജോലി ചെയ്യുകയാണ്. രണ്ടു ദിവസത്തിനകം ഇവര്‍ പോലീസ് സ്‌റ്റേഷനിലെത്തി വിശദമായ മൊഴി നല്‍കുമെന്ന് അവരുടെ അഭിഭാഷക അറിയിച്ചു.
ബലാത്സംഗത്തിന് ഐ പി സി 376-ാം വകുപ്പു പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ബാലചന്ദ്രകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.തന്നെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന. 2011 ല്‍ സിനിമയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടില്‍ വിളിച്ചുവരുത്തി ബലാല്‍സംഗത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
അന്തരിച്ച പ്രമുഖ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷാണ് ബാലചന്ദ്രകുമാറിന്റെ ഫോണ്‍ നമ്പര്‍ നല്‍കിയതെന്നും ഇവരുടെ പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. രവീന്ദ്രന്‍മാഷെ ബാലചന്ദ്രകുമാര്‍ കബളിപ്പിച്ചെന്നും അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത് ബാലചന്ദ്രകുമാര്‍ നടത്തിയ വിശ്വാസവഞ്ചനയാണെന്നും സംവധായകനായ ജോണ്‍ ഡിറ്റോ ആരോപിച്ചിരുന്നു. രവീന്ദ്രന്‍ മാഷുടെ പേരില്‍ എറണാകുളത്ത് സംഗീത അക്കാദമി സ്ഥാപിക്കാമെന്ന് പറഞ്ഞ് അദ്ദേഹത്തില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നും ഇതോടെ നിരാശനായ രവീന്ദ്രന്‍ മാഷ് അമിതമദ്യപാനം തുടങ്ങിയെന്നും ഒരാഴ്ചക്കകം മരണപ്പെട്ടുവെന്നുമാണ് ആരോപണം. ഗാനരചയിതാവ് രമേശന്‍ നായരെയും ബാലചന്ദ്രകുമാര്‍ കബളിപ്പിച്ച് പണം തട്ടിയതായി ജോണ്‍ ഡിറ്റോ ആരോപിക്കുന്നു.