ജമ്മു - മ്യാൻമറിലെ വംശഹത്യയിൽനിന്ന് രക്ഷതേടി അഭയാർത്ഥികളായി എത്തിയ റോഹിംഗ്യ മുസ്ലിംകളെ ജമ്മുവിൽ നിന്ന് തുരത്തണമെന്നാവശ്യപ്പെട്ട് പത്രങ്ങളിൽ വ്യാപക പരസ്യം പ്രത്യക്ഷപ്പെട്ടു. ഇവർ ബംഗ്ലാദേശികളാണെന്നും ഇവരെ കണ്ടെത്തി കൊലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ജമ്മു ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി കൊലവിളി ഉയർത്തി ഒരു വർഷത്തിനു ശേഷമാണ് ഇപ്പോൾ പരസ്യങ്ങളിലൂടെ റോഹിംഗ്യ മുസ്ലിംകൾക്കെതിരാ ആഹ്വാനം. ചേംബർ ഓഫ് കൊമേഴ്‌സ്, നാഷണൽ പാന്തേഴ്‌സ് പാർട്ടി എന്നീവരുടെ വിലാസത്തിലാണ് പ്രാദേശിക പത്രങ്ങളിൽ ഏതാനും ദിവസങ്ങളായി പരസ്യങ്ങൾ വരുന്നത്.
പൊട്ടാനിരിക്കുന്ന ബോംബാണ് റോഹിംഗ്യകളെന്നും ഇവരെ തുരത്തി ജമ്മുവിനെ രക്ഷിക്കണമെന്നുമാണ് ഒരു പരസ്യത്തിന്റെ തലക്കെട്ട്. ചേംബർ ഓഫ് കൊമേഴ്‌സ് നൽകിയ ഒന്നാം പേജ് പരസ്യത്തിൽ റോഹിംഗ്യ ഭീഷണി സമാധാന കാംക്ഷിയായ ഒരോ ജമ്മു വാസിയുടേയും തലയ്ക്കു മീതെ തൂങ്ങിക്കിടക്കുകയാണെന്ന് പറയുന്നു. റോഹിംഗ്യകൾക്കെതിരായ പൊതുജനാഭിപ്രായം ഏകീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം. റോഹിംഗ്യകളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പാന്തേഴ്‌സ് പാർട്ടി പ്രകടനങ്ങൾ നടത്തി വരികയാണ്.
സമാന മനസ്‌ക്കരുമായി ചേർന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ശ്രമം നടത്തി വരികയാണെന്ന് പാന്തേഴ്‌സ് പാർട്ടി അധ്യക്ഷൻ ബൽവന്ത് മൻകോട്ടിയ പറഞ്ഞു. ജമ്മുവിൽ റോഹിംഗ്യകളെ പാർപ്പിക്കുന്നതിന് എതിരാണ് തങ്ങളെന്നും ഇവരെ നാടുകടത്തുന്നതു സംബന്ധിച്ച് സുപ്രീം കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണെന്ന് ജമ്മു ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് രാകേഷ് ഗുപ്ത പറഞ്ഞു.






