മുംബൈ- കാമുകിയുടെ രണ്ട് വയസ്സായ മകളെ കൊലപ്പെടുത്തിയ കേസില്‍ 21കാരന് അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ ഭയന്ദര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പാലിന് വേണ്ടി കരഞ്ഞതാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.
കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പൂജയുടെ മകളാണ് കൊല്ലപ്പെട്ടത്. പൂജയുടെ രണ്ടാമത്തെ കുട്ടിയാണിത്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ഒപ്പം കഴിയുന്ന കാമുകന് ആദില്‍ മുനവര്‍ ഖാനാണ് അറസ്റ്റിലായത്. യുവാവ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കുഞ്ഞിനെ ആദിലിനെ ഏല്‍പ്പിച്ചാണ് സോണാലി രാത്രി ജോലിക്കായി പുറത്തിറങ്ങിയത്. കുഞ്ഞിന്റെ തലപൊട്ടി ചോരയൊലിക്കുന്നതായി രാവിലെ ഫോണ്‍ ചെയ്ത് ആദില്‍ പൂജയെ അറിയിക്കുകയായിരുന്നു. കുഞ്ഞിനെ നിലത്തുവീണ നിലയില്‍ കണ്ടെത്തിയെന്നാണ് ആദില്‍ പറഞ്ഞതെന്നും ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചുവെന്നും പൂജ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
കുഞ്ഞിനെ ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ആദിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. പാലിന് വേണ്ടി കരഞ്ഞപ്പോള്‍ ദേഷ്യം വന്ന ആദില്‍ കുട്ടിയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.






