നീതി തേടി ജിദ്ദയിൽ സാമ്പത്തിക തട്ടിപ്പ് കേസ് ഇരകൾ

ജിദ്ദ - നഗരത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനിയുടെ തട്ടിപ്പിനിരയായി വൻതുക നഷ്ടപ്പെട്ട ഇരകൾ നീതി തേടുന്നു. പഴവർഗങ്ങളുടെ ഇറക്കുമതി മേഖലയിൽ പ്രവർത്തിച്ചിരുന്ന കമ്പനിയാണ് ഉയർന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയത്. വിദേശത്തു നിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്ത് പ്രാദേശിക വിപണിയിൽ വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിച്ചിരുന്ന കമ്പനി അഞ്ചു വർഷം മുമ്പാണ് അമ്പതു ശതമാനം വരെ ലാഭം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് ആളുകളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ചത്. 
കമ്പനിയിലെ പാർട്ണർമാരായി നിർണയിച്ച് കരാറുകളുണ്ടാക്കിയാണ് ആളുകളിൽ നിന്ന് കമ്പനി നിക്ഷേപങ്ങൾ സമാഹരിച്ചത്. ലാഭവിഹിതം വിതരണം ചെയ്യുന്ന രീതിയും കരാറിൽ വ്യക്തമാക്കിയിരുന്നു. 2020 ൽ കമ്പനി അടച്ച ഉടമ പുതിയ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നേടി മറ്റൊരു മേഖലയിൽ പ്രവർത്തനം ആരംഭിച്ചു. നിക്ഷേപകർക്ക് പണമൊന്നും തിരികെ നൽകാനില്ലെന്ന് ഉടമ വാദിക്കുകയും ചെയ്തു. 
നിക്ഷേപകർ നിയമ നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് കോടതികൾ പ്രഖ്യാപിച്ച വിധികൾ ഇതുവരെ ഉടമ പാലിച്ചിട്ടില്ല. വിധികൾ പാലിക്കാൻ നിർബന്ധിച്ച് ഉടമയെ ബന്ധപ്പെട്ട വകുപ്പുകൾ ജയിലിൽ അടക്കുകയോ സ്വത്തുക്കൾ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. തങ്ങളുടെ പണം തിരികെ ചോദിച്ച് ഫോണിൽ ബന്ധപ്പെടുന്നവരോട് പണമൊന്നും നൽകാനില്ലെന്ന നിലപാടിൽ ഇയാൾ ഉറച്ചുനിൽക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ കമ്പനി ഉടമക്കെതിരെ പുതിയ തെളിവുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ ആഗ്രഹിക്കുന്നുണ്ട്. കമ്പനിയുടമക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഇവർ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.
 

Latest News