പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ എം.സി. അബ്ദുല്ല മൗലവി നിര്യാതനായി

മലപ്പുറം- പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനും ജമാഅത്തെ ഇസ് ലാമി നേതാവുമായ എം.സി.അബ്ദുല്ല മൗലവി നിര്യാതനായി. വിവിധ ഇസ്‌ലാമിക കോളജുകളില്‍ അധ്യാപകനായിരുന്നു. കെ.സി. ഫൗണ്ടേഷനു കീഴില്‍ ഖുര്‍ആന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ സമിതി അംഗം, മങ്കട മഹല്ല് ഖാദി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1947 ആഗസ്റ്റില്‍ മലപ്പുറം ജില്ലയിലെ കീഴുപറമ്പില്‍ ജനിച്ചു. പിതാവ് കുഞ്ഞാലി, മാതാവ് സൈനബ.
ശാന്തപുരം ഇസ്ലാമിയ കോളേജിലായിരുന്നു വിദ്യാഭ്യാസം. പാലക്കാട് കോഴിക്കോട് ജില്ലകളില്‍ മുഴുസമയ പ്രവര്‍ത്തകനും മദ്റസ അധ്യാപകനുമായി പ്രവര്‍ത്തിച്ചു.മണ്ണാര്‍ക്കാട് ആയിരുന്നു താമസം.
ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് , ശാന്തപുരം ഇസ്ലാമിയ കോളേജ്, തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, വാടാനപ്പള്ളി ഇസ് ലാമിയ കോളേജ്, കുറ്റ്യാടി ഇസ് ലാമിയ കോളേജ്, ആലുവ അസ്ഹറുല്‍ ഉലൂം, കുനിയില്‍ അന്‍വാറുല്‍ ഇസ് ലാം അറബിക് കോളജ്  എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
വിവിധ കര്‍മശാസ്ത്ര വിഷയങ്ങളില്‍ സവിശേഷ പഠനം നടത്തിയിട്ടുള്ള എം സി അബ്ദുല്ല മൗലവി പ്രബോധനം, ബോധനം, ആരാമം എന്നീ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. അബ്ദുല്ല മന്‍ഹമുമായി സഹകരിച്ച് ഖുര്‍ആന്‍ ശബ്ദകോശം പുറത്തിറക്കി.
ഭാര്യ പരേതയായ മെഹ്റുന്നിസ, മക്കള്‍: തന്‍സീല്‍ റഹ്‌മാന്‍, ഇന്‍ആമുര്‍ റഹ്‌മാന്‍, നിസാമുദ്ദീന്‍, സുനൈറ, സൈനബ്.

 

Latest News