Sorry, you need to enable JavaScript to visit this website.

ദിലീപ് ശബ്ദരേഖ പുറത്തുവിട്ടു, കള്ളം പറയാന്‍ ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു

കൊച്ചി-സംവിധായകന്‍ ബാലചന്ദ്രകുമാറിനതിരെ ഹൈ്‌ക്കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖ പുറത്തുവിട്ട് നടന്‍ ദിലിപ്. ബാലചന്ദ്രകുമാര്‍ വാട്സാപ്പില്‍ അയച്ച സന്ദേശമാണെന്നാണ് ദിലീപിന്റെ അവകാശവാദം. പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നും നാലുമാസത്തിനകം സിനിമയുണ്ടാകുമെന്ന് അവരോട് പറയണമെന്നുമാണ് സന്ദേശത്തിലുള്ളത്. 2021 ഏപ്രില്‍ പതിനാലിന് അയച്ച സന്ദേശമാണെന്നും ദിലീപ് പറയുന്നു.

18 ലക്ഷം രൂപയുടെ കടമുണ്ടെന്നും ഇതു തിരിച്ച് ചോദിച്ച് രണ്ട് സുഹൃത്തുക്കള്‍ നിരന്തരം വിളിക്കുന്നുവെന്നും ദിലീപ് വിഡിയോ കോളില്‍ അവരോട് സംസാരിക്കണമെന്നുമാണ് ഓഡിയോയില്‍ പറയുന്നത്. ദിലീപ് സംസാരിച്ചാല്‍ തുക മടക്കി നല്‍കുന്നതിന് അവധി ലഭിക്കുമെന്നും സിനിമ നടക്കില്ലെങ്കിലും നാല് മാസത്തിനുള്ളില്‍ സിനിമ ഉണ്ടാകുമെന്ന് കള്ളം പറയണമെന്നും ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നു.
സിനിമ നടക്കില്ലെന്ന് ഉറപ്പായ ശേഷമുള്ള ശബ്ദരേഖയാണിതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അവകാശപ്പെടുന്നു.
അതേസമയം വധ ഗൂഢാലോചനക്കേസില്‍ ദിലീപീന്റെയും സൂരജിന്റെയും അനൂപിന്റെയും ശബ്ദം പരിശോധിക്കാന്‍ കോടതിയുടെ അനുമതിയായി. ശബ്ദപരിശോധനയുടെ തീയതി ക്രൈംബ്രാഞ്ച് തീരുമാനിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദസംഭാഷണം ദീലീപിന്റെതുള്‍പ്പടെയാണോയെന്ന് അറിയാന്‍ വേണ്ടിയാണ് പരിശോധന.

അടുത്ത ദിവസം തന്നെ ശബ്ദപരിശോധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  2017 നവംബര്‍ 15ന് ആലുവയിലെ ദിലീപിന്റെ വീട്ടില്‍ നടന്ന സംഭാഷണമാണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടത്.

ഒരാളെ തട്ടണമെങ്കില്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്ന് പറയുന്ന ശബ്ദരേഖയാണ് ബാലചന്ദ്രകുമാര്‍ ശനിയാഴ്ച പുറത്തുവിട്ടിരുന്നത്. ഇതിനൊപ്പം 'ഒരുവര്‍ഷം ഒരു റെക്കോര്‍ഡും ഉണ്ടാകരുത്, ഫോണ്‍ യൂസ് ചെയ്യരുത്' എന്ന് സഹോദരന്‍ അനൂപ് പറയുന്നതാണെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്.

ഒരാളെ വധിക്കാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പായി ആളുകളെ വധിക്കണമെന്നും അങ്ങനെയാണെങ്കില്‍ സംശയിക്കില്ലെന്നുമാണ് ദിലീപ് പറഞ്ഞതിന്റെ അര്‍ഥമെന്നാണ് ബാലചന്ദ്രകുമാര്‍ അവകാശപ്പെടുന്നത്. ഇത് സിനിമയിലെ ഒരു സംഭാഷണമാണെന്നും പറയുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാര്‍ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ജാമ്യഹര്‍ജിയില്‍ വാദംകേട്ട ഹൈക്കോടതി, ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു.

 

Latest News