Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാവ സുരേഷിനെ ചില കാര്യങ്ങള്‍ ഉണര്‍ത്തി, അതൊക്കെ സമ്മതിച്ചു; മന്ത്രി വാസവന്റെ പോസ്റ്റ്

കോട്ടയം- പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിനെ സന്ദര്‍ശിച്ച കാര്യം പങ്കുവെച്ച് മന്ത്രി വി.എന്‍.വാസവന്‍.
കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടര്‍മാരുടെ നിര്‍ദേശവും പാമ്പുകളെ പിടിക്കുമ്പോള്‍ മുന്‍ കരുതല്‍ എടുക്കണമെന്ന കാര്യവും വാവ സുരേഷിനോട് പറഞ്ഞുവെന്നും അതെല്ലാം അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
രാവിലെ കോട്ടയത്ത് പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോഴാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടറുടെ ഫോണ്‍ വിളി എത്തിയത്, വാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണം എന്ന് പറഞ്ഞു ഇവിടെ വരെ എത്താന്‍ സാധിക്കുമോ. അതിനെന്താ ആകാമല്ലോ എന്ന് മറുപടി പറഞ്ഞ്, ഓഫീസിലെ കാര്യങ്ങള്‍ കഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോയി.

ആശുപത്രി സൂപ്രണ്ട് അടക്കം സുരേഷിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും അദ്ദേഹത്തിന്റെ സഹോദരനും ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ക്കൊപ്പം മുറിയിലേക്ക് പോയി. ഐസിയുവില്‍ നിന്ന് മാറിയതിനു ശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുറച്ചധികം സമയം സുരേഷ് സംസാരിച്ചു, ഇപ്പോഴത്തെ അപകടം ഉണ്ടായ കാര്യം അടക്കം എല്ലാം വിശദീകരിച്ചു.

ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടര്‍മാരുടെ ആവശ്യം ഞാന്‍ അറിയിച്ചു. അതുപോലെ വേണ്ട മുന്‍ കരുതല്‍ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാന്‍ എന്ന കാര്യവും ഓര്‍മിപ്പിച്ചു. രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണം എന്നു പറഞ്ഞപ്പോള്‍, ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല സാര്‍, ഒരു ഫോണ്‍ വിളി കാസര്‍കോട്ടു നിന്നാണങ്കില്‍ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും ആരോടും വരില്ല എന്നു പറയാന്‍ അറിയില്ല. ചിരിച്ചുകൊണ്ടായിരുന്നു മറുപടി.

അതുപറ്റില്ല ഇനി കുറച്ചു കാലം നല്ല വിശ്രമം വേണം, ആവശ്യത്തിന് ഉറക്കം കിട്ടണം അതൊക്കെ ശ്രദ്ധിക്കണം എന്നു പറഞ്ഞ് മുറയില്‍ നിന്ന് മടങ്ങി. പാലക്കാട്ടു നിന്നുള്ള ഒരു കുടുംബം വാവ സുരേഷിനെ കാണുന്നതിനായി ആശുപത്രിക്ക് പുറത്തു കാത്തു നില്‍ക്കുകയായിരുന്നു. അവര്‍ക്ക് കാണണം എന്നു സെക്യൂരിറ്റി ജീവനക്കാര്‍ വന്നു പറഞ്ഞപ്പോള്‍ അവരുമായി സംസാരിച്ച ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്.

വനം വകുപ്പിന്റെ നിയന്ത്രണങ്ങളും സര്‍പ്പ ആപ്ലിക്കേഷനുമെല്ലാം വരുന്നതിനു മുന്‍പു പാമ്പുമായി ബന്ധപ്പെട്ട ഒരുപാടു തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ആളാണു സുരേഷ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ മാറ്റിയെടുക്കുന്നതിനു വാവ പ്രയത്‌നിച്ചിട്ടുണ്ട് അതുകൊണ്ടാണ് അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനാവുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ ഞങ്ങള്‍ എത്തിക്കുന്നത്. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന സുരേഷിനെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് ചികിത്സിക്കുന്നത്. അവരുടെ ചികിത്സയുടെ ഫലമാണ് തിരികെ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് എത്തുന്നത്.

 

Latest News