സ്വപ്‌നയുടെ വെളിപ്പെടുത്തല്‍; കേസ് തീരുംവരെ പ്രതികരിക്കില്ലെന്ന് ശിവശങ്കര്‍

തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കേസ് തീരും വരെ ഒന്നും പറയാനില്ലെന്ന് ശിവശങ്കര്‍ ചാനലിനോട് വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ രൂക്ഷ ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്.
ശിവശങ്കര്‍ എഴുതിയ 'അശ്വാഥാമാവ് വെറുമൊരു ആന' എന്ന ആത്മകഥയിലെ വാദങ്ങളെ ചോദ്യംചെയ്യുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന നടത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമെന്നും പറയുന്നു.

വി.ആര്‍.എസ് റിട്ടയര്‍മെന്റ് എടുത്ത ശേഷം ദുബായിയില്‍ താമസമാക്കാനായിരുന്നു പദ്ധതിയെന്നും ഇതിനായി ഫ്‌ളാറ്റ് അന്വേഷിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറുമായി വ്യക്തിഗത അടുപ്പമുണ്ടെന്നും മൂന്നു വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചാണ് എല്ലാം ആഘോഷിച്ചതെന്നും ഇപ്പോള്‍ തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം ഒരു പുസ്തകവുമായി രംഗത്തെത്തിയിരിക്കുകയാണെന്നും സ്വപ്ന പറയുന്നു. ഒരു ഐ ഫോണ്‍ കൊടുത്തു വഞ്ചിക്കാന്‍ മാത്രം ലളിതമല്ല അദ്ദേഹവുമായുള്ള ബന്ധമെന്നും  ഇത്തരമൊരു ആരോപണവുമായി അദ്ദേഹം എന്തു കൊണ്ടാണ് ഇപ്പോള്‍ വരുന്നതെന്നറിയില്ലെന്നും സ്വപ്ന അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

 

Latest News