ഉപഗ്രഹ സഹായത്തോടെ ലാന്‍ഡിംഗ്, കണ്ണൂര്‍ രാജ്യത്തെ ആദ്യ വിമാനത്താവളമാകും

കണ്ണൂര്‍ - ഗഗന്‍ സംവിധാനം നടപ്പാവുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാനൊരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം. ഗഗന്‍ പരീക്ഷണ പറക്കല്‍ കണ്ണൂരില്‍ വിജയകരമായി പൂര്‍ത്തിയായി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനമാണ് രണ്ട് ദിവസത്തെ കാലിബ്രേഷന്‍ നടത്തിയത്. ഏത് പ്രതികൂല കാലാവസ്ഥയിലും, ജി.പി.എസ് സഹായത്തോടെ വിമാനം ഇറക്കുന്നതിനുള്ള സംവിധാനമാണ് ജി.പി.എസ്. എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷന്‍ എന്ന ഗഗന്‍.

ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഹായത്തോടെ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഗഗന്‍ വഴി ചെയ്യുന്നത്. ഐ.എസ്.ആര്‍.ഒ.യും എയര്‍പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന് 774 കോടി രൂപയോളം ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൈലറ്റ് വിമാനം നിയന്ത്രിക്കുക. മോശം കാലാവസ്ഥയിലും റണ്‍വേയില്‍ സുരക്ഷിതമായി വിമാനമിറക്കാന്‍ ഇതുവഴി സാധിക്കും.
അപ്രോച്ച് പ്രൊസീജിയര്‍ കാലിബ്രേഷന്‍  പൂര്‍ത്തിയായതോടെ പരിശോധനയുടെ റിപ്പോര്‍ട്ട് ഡി.ജി.സി.എ.ക്ക് കൈമാറും.     

ഡി.ജി.സി.എ.യുടെ അനുമതി ലഭിക്കുന്നതോടെ ഗഗന്‍ സംവിധാനം വിമാനത്താവളത്തില്‍ പ്രവര്‍ത്തനക്ഷമ
മാകും. ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ലാന്‍ഡിങ് രീതിയായതിനാല്‍ വിമാനത്താവളത്തില്‍ പ്രത്യേക ഉപകരണങ്ങളൊന്നും സ്ഥാപിക്കേണ്ടതില്ല. ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണമായ ഐ.എല്‍.എസ്. (ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം) കണ്ണൂരിലെ ഒരു റണ്‍വേയില്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടാമത്തെ റണ്‍വേയിലും ഇത് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും റണ്‍വേ വികസനം നടത്തേണ്ടതിനാല്‍ മാറ്റി വെക്കുകയായിരുന്നു.

പൈലറ്റ് അനൂപ് കച്ച്‌റു, സഹ പൈലറ്റ് ശക്തി സിങ് എന്നിവരാണ് കാലിബ്രേഷന്‍ വിമാനം പറത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരായ ഷംസര്‍ സിങ്, എല്‍.ഡി.മൊഹന്തി, നവീന്‍ ദൂദി, ഡി.ജി.സി.എ. ഉദ്യോഗസ്ഥരായ രവീന്ദര്‍ സിങ് ജംവാള്‍, വാസു ഗുപ്ത, എ.എം.ഇ. തരുണ്‍ അഹ്ലാവത്ത്, ടെക്‌നീഷ്യന്‍ സച്ചിന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കിയാല്‍ സി.ഒ.ഒ. എം.സുഭാഷ്, ഓപ്പറേഷന്‍സ് ഹെഡ് രാജേഷ് പൊതുവാള്‍ എന്നിവരും പങ്കെടുത്തു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ പലപ്പോഴും മോശം കാലാവസ്ഥയെത്തുടര്‍ന്ന് വഴി തിരിച്ച് വിടാറുണ്ട്. മൂടല്‍ മഞ്ഞ് കാരണം കഴിഞ്ഞ ദിവസം  ഹൈദരാബാദില്‍ നിന്നുള്ള വിമാനം കോഴിക്കോട്ടേക്ക് തിരിച്ചു വിട്ടിരുന്നു.

 

Latest News