താനെ- മഹാത്മാ ഗാന്ധി വധത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ ഈ മാസം പത്ത് മുതല്‍ വിചാരണ തുടങ്ങും. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭീവണ്ടി കോടതിയാണ് കേസിന്റെ വിചാരണ തീരുമാനിച്ചത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കുണ്ടെ എന്നയാളാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഹരജി സമര്‍പ്പിച്ചത്.
ശനിയാഴ്ചയാണ് കേസില്‍ വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഹരജിക്കാരന്‍ സ്ഥലത്തില്ലാത്തതിനാല്‍ നീട്ടിവെക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭീവണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജെ.വി. പലിവാല്‍ ഫെബ്രുവരി പത്തിലേക്ക് നീട്ടുകയായിരുന്നു.
ഗോവ, പഞ്ചാബ് , ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് തിരക്കിലാണെങ്കിലും കോടതിക്ക് നടപടികളുമായി മുന്നോട്ടു പോകാമെന്നാണ് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ പ്രബോധ് ജയ്‌വന്ത് അറിയിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകളില്‍ വേഗം തീര്‍പ്പുകല്‍പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ കാര്യം ജനുവരി 29 ന് വാദം കേട്ടപ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
താനെയിലെ ഭീവണ്ടി ടൗണില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിന്റെ പ്രതിഛായ തകര്‍ക്കുംവിധം പരാമര്‍ശം നടത്തിയെന്നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച അപകീര്‍ത്തി ഹരജി.
2014 ല്‍ ഫയല്‍ ചെയ്ത കേസില്‍ 2018 ല്‍ രാഹുലിനെതിരെ കുറ്റപത്രം നല്‍കിയിരുന്നു.






