കണ്ണൂര്‍ - കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചവര്‍ക്കും അതില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ മുസ്ലിംലീഗ് നേതാവിന്റെ ഹരജി. മുസ്‌ലിം ലീഗ് കല്ല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് കുഞ്ഞിമംഗലം കൊയപ്പാറയിലെ എസ്.കെ.പി. സക്കരിയയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ഡിസംബര്‍ പത്ത് മുതല്‍ 12 വരെയാണ് പഴയങ്ങാടി എരിപുരത്ത് സി.പി.എം. ജില്ലാ സമ്മേളനം നടന്നത്. കോവിഡ് അതിതീവവ്യാപനത്തെ തുടര്‍ന്ന് പൊതുപരിപാടികള്‍ക്ക് വലിയ നിയന്ത്രണ ങ്ങള്‍ പ്രഖ്യാപിച്ച സമയത്താണ് ഇത് ലംഘിച്ച് മൂന്ന് ദിവസങ്ങളിലായി ചടങ്ങുകള്‍ നടന്നതെന്ന് ഹരജിയില്‍ ആരോപിച്ചു. സമാപന ദിവസമായ 12 ന് വൈകുന്നേരം പഴയങ്ങാടി ബസ്റ്റാന്റില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം മാനദണ്ഡങ്ങള്‍ പാലിക്കാതെയും സുരക്ഷാക്രമീകരണങ്ങളില്ലാതെയുമാണ്‌സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ പലരും മാസ്‌ക് ധരിക്കാതെയുമാണ് ഇതില്‍ പങ്കെടുത്തതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ഈ പരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്തു. ബസ് സ്റ്റാന്റിലും സമീപ റോഡുകളിലും വാഹനഗതാഗതം തടയുകയും ചെയ്തു. പൊതുസ്ഥലങ്ങ ളിലും മരണാനന്തര ചടങ്ങുകളിലും വളരെ കുറഞ്ഞ പ്രാതിനിധ്യം മാത്രം അനുവദിച്ച പശ്ചാത്തലത്തി ലാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുചേരല്‍ നടത്തിയത്.
ഭരണഘടന തൊട്ട് സത്യം ചെയ്ത് പദവിയിലിരിക്കുന്ന മുഖ്യമ മന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ഭാഗത്ത് നിന്ന് കടുത്ത നിയമലംഘനമാണ് ഉണ്ടായതെന്നും അതിനാല്‍ സംഭവത്തില്‍ കേസെടുക്കാന്‍ പഴയങ്ങാടി പോലീസിന് നിര്‍ദേശം നല്‍ക ണമെന്നുമാണ് ഹരജിയിലെ ആവശ്യം .
മുഖ്യമന്ത്രി പിണറായി വിജയന്‍ , സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, മന്ത്രി എം.വി. ഗോവിന്ദന്‍, ഇ. പി.ജയരാജന്‍, പി.കെ.ശ്രീമതി, കെ.കെ. ശൈലജ, ടി.വി.രാജേഷ്, എം.വിജിന്‍, സി. കൃഷ്ണന്‍, കെ.പത്മനാഭന്‍, വി. നാരായണന്‍ എന്നിവരെയാണ് എതിര്‍കക്ഷികളാക്കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നതിനായി മാറ്റിവച്ചു. അഡ്വ. ഡി.കെ. ഗോപിനാഥ് മുഖേനയാണ് ഹരജി ഫയല്‍ ചെയ്തത്.