മുസ്ലിം ലീഗ് അച്ചടക്ക നടപടി കോടതിയില്‍ ചോദ്യം ചെയ്ത ഷൈജലിന് അനുകുല വിധി, യോഗങ്ങളില്‍ പങ്കെടുപ്പിക്കണം

കല്‍പറ്റ-ഹരിത വിഷയത്തില്‍ അച്ചടക്ക നടപടിക്കു വിധേയനായി മുസ്ലിംലീഗ് അംഗത്വവും എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും നഷ്ടമായ വയനാട് കല്‍പറ്റ സ്വദേശി പി.പി.ഷൈജലിനു കോടതിയുടെ ആശ്വാസ ഉത്തരവ്.

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഉള്‍പ്പെട്ടിരുന്ന എല്ലാ കമ്മിറ്റികളുടെയും യോഗങ്ങളിലും പരിപാടികളിലും ഷൈജലിനു പങ്കെടുക്കാമെന്നു മുനിസിഫ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ചു ഷൈജലിനു മുസ്ലിംലീഗ്, യൂത്ത്ലീഗ്, എം.എസ്.എഫ് യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കാം.

ഇതു സംബന്ധിച്ചു കോടതി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനു നിര്‍ദേശം നല്‍കി. തനിക്കെതിരായ നടപടി പാര്‍ട്ടി-സംഘടന ഭരണഘടനയ്ക്കു വിരുദ്ധമാണെന്നു കാണിച്ചാണ് ഷൈജല്‍ കോടതിയെ സമീപിച്ചത്.

ജില്ലയില്‍ ആദ്യമായാണ് ഒരു മുസ്ലിംലീഗ് പ്രവര്‍ത്തകന്‍  പാര്‍ട്ടി നടപടി കോടതിയില്‍ ചോദ്യം ചെയ്തത്. പാര്‍ട്ടി ഭരണഘടനയും കീഴ് വഴക്കങ്ങളും കാറ്റില്‍ പറത്തി മുസ്ലിംലീഗ് നേതൃത്വം സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരായ വിധിയാണ് കോടതിയില്‍നിന്നു ഉണ്ടായതെന്നു ഷൈജല്‍ പറഞ്ഞു.  

അഡ്വ.ജി.ബിബിത, അഡ്വ.സെബാസ്റ്റ്യന്‍ എന്നിവര്‍ ഷൈജലിനുവേണ്ടി ഹാജരായി.

 

Latest News