Sorry, you need to enable JavaScript to visit this website.

വിദേശത്തുനിന്നെത്തിയാല്‍ ഏഴ് ദിവസം സ്വയം നിരീക്ഷണം; ആവശ്യമെങ്കില്‍ പരിശോധനയും നടത്തണം

തിരുവനന്തപുരം- കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗം തീരുമാനമെടുത്തത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തില്‍ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. കോവിഡ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തുന്നതാണ്. എയര്‍ലൈന്‍ ജീവനക്കാരാണ് ഇവരെ കണ്ടെത്തതി നല്‍കേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കുമെന്നും മന്തി പറഞ്ഞു.

അന്താരാഷ്ട്ര യാത്രക്കാര്‍ സംസ്ഥാനത്ത് എത്തിച്ചേരുന്ന തീയതി മുതല്‍ ഏഴ് ദിവസത്തേക്ക് സ്വയം ആരോഗ്യ നിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. കര്‍ശനമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇവര്‍ ഈ കാലയളവില്‍ അടച്ചിട്ട ഇടങ്ങളില്‍ ഒത്തുകൂടുന്നതും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളും ഒഴിവാക്കണം.

കോവിഡ് പോസിറ്റീവായ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി അയയ്ക്കും.  പോസിറ്റീവായ യാത്രക്കാരുടെ ചികിത്സ നിലവിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചെയ്യുന്നതാണ്. എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉചിതമാണ്.

 

Latest News