ഹാഥ്‌റസ്(ഉത്തര്‍പ്രദേശ്)-ഹാഥ്‌റസിലെ വഴികള്‍ ഇപ്പോഴും ഭയത്തിന്റെ നിഴലിലാണ്. കടുകുപാടങ്ങള്‍ കഴിഞ്ഞ് ഹാഥ്‌റസിലെ ഭൂല്‍ഗുഡിയെന്ന കൊച്ചുഗ്രാമം. ജാതിയുടെ പേരില്‍ മാനവും ജീവിതവും ഹോമിക്കേണ്ടി വന്ന പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ പുറം ലോകത്തെത്താതിരിക്കാനായി തോക്കുമായി കാവല്‍ നില്‍ക്കുകയാണ് കേന്ദ്ര സേന. സുരക്ഷയുടെ പേര് പറഞ്ഞ് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് കരുതലിന്റെ തടവറ തീര്‍ക്കുകയാണവര്‍. ബന്ധുക്കള്‍ക്ക് പോലും ഈ വിട്ടീലേക്കെത്തണമെങ്കില്‍ സുരക്ഷാ പരിശോധനയുടെ നിരവധി കടമ്പകള്‍ കടക്കണം. പോലീസില്‍നിന്ന് മുന്‍കൂട്ടി അനുമതി ലഭിച്ചവര്‍ക്ക് മാത്രമേ വീട്ടിലേക്ക് പ്രവേശനമുള്ളൂ. അതും നീട്ടിപ്പിടിച്ച തോക്കുകള്‍ക്കിടയിലൂടെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയും കഴിഞ്ഞ് വേണം കടന്ന് പോകാന്‍. ചുറ്റും ഘടിപ്പിച്ച സി.സി.ടി.വിയുടെ കണ്ണുകള്‍ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കും. വീട്ടിനുള്ളിലെ സംസാരങ്ങള്‍ക്ക് പോലും സേനാംഗങ്ങള്‍ കാതുകൂര്‍പ്പിക്കും.അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്തേക്ക് പോലും ആരെയും അടുപ്പിക്കില്ല.തെരഞ്ഞെടുപ്പായതോടെ സുരക്ഷക്ക് കാഠിന്യം കൂടിയിട്ടുണ്ട്.സേനാംഗങ്ങള്‍ക്ക് എല്ലാവരെയും സംശയമാണ്.
ആഗ്രയില്‍നിന്ന് അലിഗഢിലേക്കുള്ള യാത്രാ വഴിയില്‍ ഒന്നര മണിക്കൂര്‍ മുന്നോട്ട് പോയാല്‍ ഹാഥ്‌റസിലെത്തും.ഉത്തര്‍പ്രദേശിലെ മറ്റ് പല സ്ഥലങ്ങളെ അപേക്ഷിച്ച് താരതമ്യേന മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഇവിടെയാണ് 2020 സെപ്തംബര്‍ 14 ന് ഉന്നത ജാതിയില്‍പെട്ട യുവാക്കള്‍ കീഴ്ജാതിക്കാരിയായ 19 കാരി പെണ്‍കുട്ടിയെ ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കിയത്.ചികിത്സയിലായ പെണ്‍കുട്ടി രണ്ടാഴ്ചക്കുള്ളില്‍ മരണത്തിന് കീഴടങ്ങി. കാമാസക്തിയുടെ ഇര മാത്രമല്ല, മറിച്ച് കീഴ്ജാതിക്കാരിയായതിന്റെ പേരിലാണ് പെണ്‍കുട്ടിക്ക് ജീവന്‍ ഹോമിക്കേണ്ടിവന്നത്. ഈ സംഭവം മൂടിവെക്കാനും തെളിവുകള്‍ ഇല്ലാതാക്കാനും ഭരണകൂടം ശ്രമിച്ചെങ്കിലും രാജ്യത്താകെ വലിയ പ്രതിഷേധത്തിന് ഇത് വഴിമാറി. ഇതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം സുരക്ഷയുടെ തടവറയിലായത്. കാര്യങ്ങളറിയാനെത്തിയ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പോലും ഇവിടേക്ക് പ്രവേശനം നിഷേധിച്ചു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യു.എ.പി.എ ചുമത്തി ജയിലിലടച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ യു.പിയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് ഹാഥ്‌റസ് ജില്ലയിലെ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10 ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിലാണ് ഹാഥ്‌റസിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ വിധിയെഴുതുന്നത്. പട്ടികജാതി സംവരണ മണ്ഡലമായ ഹാഥ്‌റസ്,സാദാബാദ്,സിക്കന്ത്ര റാവു എന്നീ മൂന്ന് മണ്ഡലങ്ങളാണ് ഹാഥ്‌റസ് ജില്ലയിലുള്ളത്. ഇതില്‍ സാദാബാദ് ഒഴികെയുള്ള മറ്റ് രണ്ട് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ബി.ജെ.പിയാണ് വിജയിച്ചത്.സാദാബാദില്‍ ബി.എസ്.പിയാണ് ആധിപത്യം പുലര്‍ത്തിയത്.ഹാഥ്‌റസ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഹരിശങ്കര്‍ മഹോര്‍ 70,661 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.
ഹാഥ്‌റസിലെ ക്രൂരതയുടെ പശ്ചാത്തലത്തില്‍ യോഗി ഭരണകൂടത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യമാകെ ഉയര്‍ന്നത്. അതുകൊണ്ട് തന്നെ ഹാഥ്‌റസ് മണ്ഡലത്തിലെ വിജയം ബി.ജെ.പിക്ക് അഭിമാന പ്രശ്‌നമാണ്. നിലവിലെ എം.എല്‍.എ ഹരിശങ്കര്‍ മഹോറിന് വിണ്ടും സീറ്റ് നല്‍കാതെ ആഗ്രയിലെ മുന്‍ മേയറും മഹിളാ മോര്‍ച്ചാ നേതാവുമായ അഞ്ജുള മഹോറിനെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞ് പ്രാദേശിക തലത്തില്‍ ഇവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും പാര്‍ട്ടി നേതൃത്വം വകവെച്ചില്ല. വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലൂടെ വിജയം ഉറപ്പാക്കാനാകുമെന്ന് പാര്‍ട്ടി കരുതുന്നു. ബി.എസ്.പിയുടെ സഞ്ജീവ് കുമാര്‍ കാക്കയാണ് അഞ്ജുളയുടെ പ്രധാന എതിരാളി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കി സഹതാപ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കിലും അതിന് അവര്‍ തയ്യാറായില്ല. രാഷ്ട്രീയമല്ല, മകള്‍ക്ക് നീതി കിട്ടുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അവര്‍ നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നു. കേസ് സി.ബി.ഐ അന്വേഷണത്തിലാണ്.
ഹാഥ്‌റസില്‍ ഇപ്പോഴും കനലെരിയുന്നുണ്ട്. പക്ഷേ പുറമേക്ക് അത് പ്രകടമല്ലെന്ന് മാത്രം. ജാതിവെറി തന്നെയാണ് ഇത്തവണയും ഹാഥ്‌റസ് മണ്ഡലത്തിലെയും ജില്ലയിലെ മറ്റ് രണ്ട് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കുക.ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണ-താക്കൂര്‍ വിഭാഗവും വാല്‍മീകി, ജാദവ തുടങ്ങിയ കീഴ്ജാതിക്കാരും തമ്മിലുള്ള പരമ്പരാഗത വൈരാഗ്യമാണ് ഇവിടുത്തെ മുഖമുദ്ര.
ഹാഥ്‌റസിലെത്തിയപ്പോള്‍ തന്നെ ഒരുതരം മൂകതയാണ്. എല്ലാവര്‍ക്കും സംശയദൃഷ്ടി. തെരഞ്ഞെടുപ്പിനെക്കുറിച്ച് അഭിപ്രായം പറയാന്‍ പോലും ആളുകള്‍ക്ക് വിമുഖത. പോലീസ് വാഹനങ്ങള്‍ റോഡിലൂടെ തലങ്ങും വിലങ്ങും ചീറിപ്പായുന്നുണ്ട്. ചില കവലകളില്‍ പോലീസുകാരുടെ അസ്വസ്ഥതയുളവാക്കുന്ന സാന്നിധ്യം. തെരഞ്ഞെടുപ്പ് ദിനം അടുത്തതുകൊണ്ടാകാം ജാഗ്രത ഏറിയത്. പുതിയ ട്രാക്ടറുകളും കാര്‍ അടക്കമുള്ള വാഹനങ്ങളും വില്‍ക്കുന്ന ഷോറൂമുകള്‍ മേല്‍ജാതിക്കാരുടെ പണക്കൊഴുപ്പിന് അടിവരയിടുന്നുണ്ട്. അലിഗഢിലേക്കുള്ള ഹൈവേയുടെ ഓരത്ത് ചായക്കടയോട് ചേര്‍ന്നുള്ള ചെറിയ ഗ്രൗണ്ടില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നൂറില്‍ താഴെ വരുന്ന പ്രവര്‍ത്തകരുടെ ചെറിയ യോഗം നടക്കുന്നു. ഇതേപ്പറ്റി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ തന്നെ സംശയത്തോടെയുള്ള നോട്ടം. തെരഞ്ഞെടുപ്പിന്റെ പ്രതീതി എവിടെയുമില്ല.
ദളിത് സമുദായത്തില്‍ നിന്നുള്ളവരുടെ വോട്ടുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ദളിതരുടെ വോട്ടുകള്‍ ബി.ജെ.പി വിരുദ്ധ പാളയത്തിലേക്ക് നീങ്ങും. എന്നാല്‍ ഇത് ബി.എസ്.പി, എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ക്കായി വിഭജിക്കപ്പെടുമെന്നതാണ് ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നത്. ഉയര്‍ന്ന ജാതിക്കാരുടെ വോട്ടുകളില്‍ വലിയ ശതമാനവും പഴയ പോലെ തന്നെ ബി.ജെ.പിയുടെ പെട്ടിയിലേക്ക് വീഴാനാണ് സാധ്യത.