ഭാര്യയേയും മകളേയും പീഡിപ്പിച്ചത് വിവാദമായി, പെറുവില്‍ പ്രധാനമന്ത്രിയെ പുറത്താക്കി

പെറു പ്രസിഡന്റ് കാസ്റ്റില്ലോ പ്രധാനമന്ത്രിയെ പുറത്താക്കിയത് പ്രഖ്യാപിക്കുന്നു.

ലിമ- ഗാര്‍ഹിക പീഡനത്തിന് ഭാര്യയും മകളും പരാതി നല്‍കിയിരുന്നുവെന്ന വിവാദത്തെ തുടര്‍ന്ന് പെറു പ്രധാനമന്ത്രി ഹെക്ടര്‍ വാലര്‍ പിന്റോയെ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോ പുറത്താക്കി. മൂന്ന് ദിവസം മുമ്പ് മാത്രം നിയമിക്കപ്പെട്ട പ്രധാനമന്ത്രിയെയാണ് പുറത്താക്കിയത്. 2016 ലാണ് ഇദ്ദേഹത്തിനെതിരെ ഗാര്‍ഹിക പീഡന പരാതി ഉയര്‍ന്നിരുന്നത്.
ടെലിവിഷനില്‍ നല്‍കിയ ഹ്രസ്വ പ്രസ്താവനയില്‍ പിന്റോയുടെ പേരു പോലും പറയാതെയാണ് ഇടതു പ്രസിഡന്റായ കാസ്റ്റില്ലോ നടപടി പ്രഖ്യാപിച്ചത്.
പിന്റോ സര്‍ക്കാരില്‍ തുടരുന്നതിനെതിരെ പ്രതിപക്ഷത്തിനു പുറമെ മന്ത്രിസഭയിലെ ഏതാനും അംഗങ്ങളും രംഗത്തുവന്നിരുന്നു.
ആറു മാസം മുമ്പ് അധികാരമേറ്റ കാസ്റ്റില്ലോ ഇത് നാലാം തവണയാണ് മന്ത്രിസഭയില്‍ മാറ്റം വരുത്തുന്നത്.
2016 ല്‍ ഭാര്യയും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ മകളും 62 കാരനായ പിന്റോക്കെതിരെ ഗാര്‍ഹിക പീഡനത്തിനു പരാതി നല്‍കിയിരുന്നുവെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്.
രാജിവെക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കര്‍ പിന്റോയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രസിഡന്റ് അദ്ദേഹത്തെ നീക്കിയത്. വിദേശ മന്ത്രി സീസര്‍ ലണ്ടയുടെ നേതൃത്വത്തില്‍ മൂന്ന് മന്ത്രിമാര്‍ പിന്റോ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തന്നെ ശിക്ഷിച്ചിട്ടില്ലെന്നും ആരേയും പീഡിപ്പിച്ചിട്ടില്ലെന്നുമാണ് പിന്റോ വാദിച്ചിരുന്നു. കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം പാസാക്കുന്നതുവരെ പദവയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest News