കൂലി ചോദിക്കാനെത്തിയ തൊഴിലാളി അടിയേറ്റു മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട- ചെയ്ത ജോലിയുടെ കൂലി ആവശ്യപ്പെട്ട തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി.  മാര്‍ത്താണ്ഡം തക്കല സ്വദേശി സ്റ്റീഫനാ(40) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മാര്‍ത്താണ്ഡം തക്കല സ്വദേശിയായ കരാറുകാരന്‍ സുരേഷ്‌കുമാര്‍ (44), സഹോദരന്‍ ജോസ് (39) എന്നിവര്‍ അറസ്റ്റിലായി.

കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്നയാളാണ് സ്റ്റീഫന്‍. തനിക്ക് ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള പണം ചോദിക്കാന്‍ രണ്ടു സുഹൃത്തുക്കളെയും കൂട്ടി സ്വന്തം ബൈക്കിലാണ് സുരേഷ് താമസിക്കുന്ന വാടകവീട്ടില്‍ എത്തിയത്. പണം ചോദിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ സ്റ്റീഫനെ സുരേഷും ജോസും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് കമ്പി വടികൊണ്ട് അടിക്കുകയും കല്ലെറിയുകയും ചെയ്തു.

കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജ് റോഡില്‍ മര്‍ത്തോമ്മ പള്ളിക്ക് സമീപം തുരുത്തിയില്‍ ഫിലിപ്പ് വര്‍ഗീസ് വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സംഭവം നടന്നത്. അടി കൊണ്ട് സ്റ്റീഫന്‍ ബോധരഹിതനായത് കണ്ട് ഒപ്പം വന്ന സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. പുലര്‍ച്ചെ നാലിന് കല്ലൂപ്പാറ റോഡില്‍ പട്രോളിങ് നടത്തുകയായിരുന്ന കീഴ്വായ്പൂര്‍ സ്റ്റേഷനിലെ പൊലീസുകാരെ ഇവര്‍ വിവരം ധരിപ്പിച്ചു. സുരേഷിന്റെ വാടക വീടിന്റെ ഹാളില്‍ ബോധരഹിതനായി കിടക്കുകയായിരുന്ന സ്റ്റീഫനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

സ്റ്റീഫനെ മര്‍ദിക്കാന്‍ ഉപയോഗിച്ച കമ്ബി വടിയും എറിയാന്‍ ഉപയോഗിച്ച കല്ലുകളും കണ്ടെടുത്തു. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്‍ റാവുത്തര്‍, കീഴ്വായ്പൂര്‍ ഇന്‍സ്പെക്ടര്‍ ജി. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

 

Latest News