Sorry, you need to enable JavaScript to visit this website.

ഒരു നിശ്ശബ്ദ മരണം

 

അക്ഷരങ്ങളുടെ ശക്തിക്ക് മുന്നിൽ പതറാത്ത ഏകാധിപതികളില്ല. നിശിത വിമർശനത്തിന്റെ അക്ഷര മുള്ളുകൾ പതിച്ച് മുറിവേറ്റവർ നിശ്ശബ്ദ കൊലയാളികളായി വായനക്കാർക്ക് മുന്നിൽ ഭീഷണി മുഴക്കുന്നു. മാഞ്ഞുപോകുന്ന അക്ഷരങ്ങളും നിശ്ശബ്ദമാക്കപ്പെടുന്ന നിലവിളികളും ആസുര കാലത്തിന്റെ അടയാളങ്ങളായി മാറുമ്പോൾ ഈ രാജ്യത്തെ അതിന്റെ 'സംരക്ഷകരി'ൽനിന്ന് തന്നെ രക്ഷിക്കേണ്ട ബാധ്യതയാണ് ജനാധിപത്യ വിശ്വാസികൾക്കുള്ളത്,

 

പൊളിറ്റിക്കൽ സയന്റിസ്റ്റും ഗ്രന്ഥകാരനുമായ ക്രിസ്റ്റോഫ് ജെഫ്രലോട് ഇന്ത്യൻ രാഷ്ട്രീയത്തെ ആഴത്തിൽ വിശകലനം ചെയ്ത ജർമൻകാരനാണ്. വിശിഷ്യാ, ഇന്ത്യൻ രാഷ്ട്രീയത്തിൽ അക്രമോത്സുകമായ ദേശീയതയും ഹിംസാത്മക വർഗീയതയും ചെലുത്തുന്ന സ്വാധീനം അദ്ദേഹം പഠന വിഷയമാക്കിയിട്ടുണ്ട്. സംഘ്പരിവാറിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും വളർച്ചയെ ഹിന്ദു മഹാസഭയുടെയും ആർ.എസ്.എസിന്റെയും ചരിത്രത്തോട് ചേർത്തുവെച്ച് വിശകലനം ചെയ്ത രാഷ്ട്രീയ ഗ്രന്ഥങ്ങൾ സമ്മാനിച്ച എഴുത്തുകാരനാണ് അദ്ദേഹം. ജെഫ്രലോട് എഴുതിയ ഏറ്റവും പുതിയ പുസ്തകം 'മോഡീസ് ഇന്ത്യ' ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോഡി എന്ന ഗുജറാത്തിയുടെ കടന്നുവരവും തുടർന്നുണ്ടായ മാറ്റങ്ങളും ധീരമായി വിശകലനം ചെയ്യുന്നു. ബർക്ക ദത്തുമായുള്ള ഒരു അഭിമുഖത്തിൽ മോഡിയെ 'പൊളിറ്റിക്കൽ അനിമൽ' എന്നാണ് ജെഫ്രലോട് വിശേഷിപ്പിക്കുന്നത്. ഒടുവിൽ മോഡി ഡീകോഡ് ചെയ്യപ്പെടുന്നു എന്ന് പല നിരൂപകരും പുസ്തകത്തെക്കുറിച്ച് എഴുതി.


'മോഡീസ് ഇന്ത്യ' വായനക്കാർക്ക് നൽകിയ വെസ്റ്റ്‌ലാൻഡ് ബുക്‌സ് ഇനിയില്ല. ഇ കൊമേഴ്‌സ് രംഗത്തെ അതികായനായ ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഈ പുസ്തക പ്രസാധന സംരംഭം അടച്ചുപൂട്ടുന്നതായുള്ള വാർത്ത പുസ്തക പ്രേമികളെ നടുക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. മികച്ച വായനാമൂല്യമുള്ള ഒരു പിടി പുസ്തകങ്ങൾ ഇന്ത്യക്ക് സമ്മാനിച്ച വെസ്റ്റ്‌ലാൻഡിന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി അറിയില്ലെന്ന് അതിലെ ജീവനക്കാർ തന്നെ പറയുന്നു. വാസ്തവത്തിൽ ഈ സംരംഭവുമായി സഹകരിച്ചിരുന്ന എഴുത്തുകാർക്കും എഡിറ്റർമാർക്കും ജീവനക്കാർക്കും ഞെട്ടലായാണ് വാർത്ത പുറത്തു വന്നത്. ഒരു സൂചന പോലും നൽകാതെയാണ് കഴിഞ്ഞ ദിവസം വാർത്ത അവരെത്തേടിയെത്തിയത്. ഈ നിശ്ശബ്ദ മരണം നൽകുന്ന സൂചനകൾ പക്ഷേ അപകടകരവും മാരകവുമാണെന്ന് വെസ്റ്റ്‌ലാൻഡിന്റെ പ്രസാധന പട്ടിക പരിശോധിക്കുമ്പോൾ മനസ്സിലാകും.


ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായിരുന്ന ട്രെന്റ് ലിമിറ്റഡിൽനിന്ന് 2016 ലാണ് ആമസോൺ വെസ്റ്റ്‌ലാൻഡിനെ സ്വന്തമാക്കുന്നത്. അമിഷ് ത്രിപാഠി, ചേതൻ ഭഗത്, അശ്വിൻ സംഘി, രശ്മി ബൻസാൽ, രുജുത ദിവേകർ, പ്രീതി ഷെണോയ്, ദേവ്ദത്ത് പട്‌നായിക്, അനുജ ചൗഹാൻ, രവി സുബ്രഹ്മണ്യൻ തുടങ്ങി നിരവധി ബെസറ്റ് സെല്ലിംഗ് എഴുത്തുകാരുടെ രചനകൾ വെസ്റ്റ്‌ലാൻഡിലൂടെ വെളിച്ചം കണ്ടു. 'നിശിതമായ പരിശോധനക്ക് ശേഷം, വെസ്റ്റ്‌ലാൻഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള വിഷമകരമായ തീരുമാനം ഞങ്ങൾ കൈക്കൊണ്ടു. ജീവനക്കാർ, എഴുത്തുകാർ, ഏജന്റുമാർ, വിതരണ പങ്കാളികൾ എന്നിവർക്കൊപ്പം ഈ മാറ്റത്തിൽ ഞങ്ങൾ ശക്തമായി നിലകൊണ്ടു. ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ഇനിയും പുതുമകൾ കൊണ്ടുവരാനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു' എന്ന പ്രസ്താവനയോടെയാണ് ആമസോൺ വെസ്റ്റ്‌ലാൻഡിന് താഴിട്ടത്. 


ഇന്ത്യയിലെ ഇംഗ്ലീഷ് പ്രസാധകരിൽ മുൻനിരയിൽ നിലയുറപ്പിച്ച വെസ്റ്റ്‌ലാൻഡ് 1962 ലാണ് സ്ഥാപിതമായത്. വ്യത്യസ്ത ശാഖകളിലായി നൂറുകണക്കിന് പുസ്തകങ്ങൾ അവർ അവതരിപ്പിച്ചു. ശാസ്ത്രവും ഫിക്ഷനും രാഷ്ട്രീയവും ജീവചരിത്രവും ആത്മീയതയും ആരോഗ്യവും ഒക്കെ അവരുടെ പുസ്തകങ്ങൾക്ക് വിഷയങ്ങളായി. എന്നാൽ സമീപകാലത്തായി വെസ്റ്റ്‌ലാൻഡ് പ്രസാധന രംഗത്തെ ധീരമായ ചില ചുവടുവെപ്പുകൾ നടത്തി ദേശീയ ശ്രദ്ധയിലേക്ക് വന്നിരുന്നു. ജനാധിപത്യവും ഭരണഘടനയും അപ്രസക്തമാകുന്ന ഇരുളടഞ്ഞ കാലത്തിന് മുന്നിൽ    നിന്നുകൊണ്ട്, ഇന്ത്യക്കാർക്ക് മുന്നോട്ടുള്ള വഴി തെളിയിക്കുന്ന ധീരമായ ചില പരീക്ഷണ പ്രസാധനങ്ങൾ അവർ നടത്തി. മോഡിയുഗത്തെ നിശിതമായ വിശകലനത്തിന് വിധേയമാക്കുന്നതാണ് ഇതിൽ പലതും. അർബുദം പോലെ ഇന്ത്യയെ കാർന്നു തിന്നുന്ന വർഗീയതയുടെ കായബലത്തിൽ ശക്തിപ്പെട്ട വലതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ ശിൽപികളെയും തുറന്നുകാട്ടുന്ന പുസ്തകങ്ങളായിരുന്നു അത്. വെസ്റ്റ്‌ലാൻഡ് നൊടിയിടയിൽ ഓർമയിലേക്ക് മറയുമ്പോൾ, അതിനിടവെച്ചത് ഈ ആസുര കാലത്തിന്റെ സമ്മർദങ്ങളാണെന്ന് കരുതുന്നതിൽ തെറ്റുണ്ടാവില്ല


നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് സാമൂഹിക മാധ്യമത്തിലെഴുതിയ കുറിപ്പ് ഈ ആശങ്ക പങ്കുവെക്കുന്നതാണ്. വളരെ അസാധാരണവും അത്ഭുതപ്പെടുത്തുന്നതുമായ ഒരു വാർത്തയെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇതിനെ അസാധാരണമാക്കുന്ന ഒരു കാര്യം, മറ്റ#ു കോർപറേറ്റ് പ്രസാധക സംഘങ്ങളിൽ  നിന്ന് വ്യത്യസ്തമായി ഭരണകൂട വിമർശനം നടത്തുന്ന ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പ്രസാധക സംഘമാണ് വെസ്റ്റ്‌ലാൻഡ് എന്നതാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. 'ഭരണകൂടത്തിന് ഹിതകരമല്ലാത്ത വാർത്തകൾ കൊടുക്കുന്ന ടെലിവിഷൻ ചാനലുകൾ, പത്രങ്ങൾ, ഓൺലൈൻ പോർട്ടലുകൾ എന്നിവയെയെല്ലാം നിശ്ശബ്ദമാക്കുന്നതിനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറേക്കാലമായി നാം നിത്യേനയെന്നോണം കണ്ടു കൊണ്ടിരിക്കുകയാണ്. പ്രലോഭനവും ഭീഷണിയും സമ്മർദതന്ത്രങ്ങളുമെല്ലാമാണ് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ഉപയോഗിക്കുന്നത്. ഭരണകൂടത്തെ നിശിതമായി വിമർശിക്കുന്ന വെസ്റ്റ്‌ലാൻഡിന്റെ അടച്ചുപൂട്ടലിലേക്ക് നയിച്ച കാരണമെന്തെന്ന് ഇപ്പോൾ വ്യക്തമല്ല. എന്നാൽ അപ്രതീക്ഷിതമായ, മുന്നറിയിപ്പില്ലാത്ത ഈ അടച്ചുപൂട്ടൽ വളരെ സ്വാഭാവികമാണെന്ന് അങ്ങേയറ്റം നിഷ്‌കളങ്കരായ ആളുകൾക്കു പോലും വിശ്വസിക്കാനാവില്ല. സംശയത്തോടു കൂടി മാത്രമേ ഈ അടച്ചുപൂട്ടലിനെ കാണാനാവൂ. പ്രലോഭനമോ സമ്മർദ തന്ത്രമോ എന്തെങ്കിലും കൊടുക്കൽ വാങ്ങലുകളോ ഇതിന്റെ പിന്നിൽ ഉണ്ടായിട്ടുണ്ടോ എന്നത് പുറത്തു വരേണ്ടിയിരിക്കുന്നു. എന്തായാലും ആമസോണിന്റെ പ്രഖ്യാപനം അമ്പരപ്പിക്കുന്നതാണ്. എതിർശബ്ദങ്ങളും വിമർശനങ്ങളും ഒന്നൊന്നായി  ഇല്ലാതാക്കപ്പെടുന്നത് വളരെ ആശങ്കയുമുളവാക്കുന്നു.'


സ്പീക്കർ മാത്രമല്ല, രാഷ്ട്രീയ രംഗത്തും പ്രസാധന, മാധ്യമ രംഗത്തുള്ള മറ്റു പലരും ഇതേ ആശങ്ക പങ്കുവെക്കുകയുണ്ടായി. അതിന്റെയെല്ലാം പൊതുവായ ധ്വനി ഇത് ഒരു ദയാവധമാണെന്നാണ്. വേദനിപ്പിക്കാതെ, ആരുമറിയാതെ ഒരു ശ്വാസം മുട്ടിച്ചുകൊല്ലൽ. പ്രലോഭനങ്ങൾ, വാഗ്ദാനങ്ങൾ, ഇതൊന്നും ഫലിച്ചില്ലെങ്കിൽ ഭീഷണി, ജനാധിപത്യത്തെയും നിയമത്തെയും വെല്ലുവിളിച്ചുകൊണ്ടുള്ള നടപടികൾ, നിരോധനങ്ങൾ. വർത്തമാനകാലത്തെ ഭരണകൂട പ്രവർത്തനങ്ങളുടെ ആകത്തുകയാണിത്. തങ്ങൾക്ക് ഹിതകരമല്ലാത്ത ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ധാർഷ്ട്യം, അതിനായി വിശിഷ്ടമെന്ന് കരുതുന്ന ഭരണഘടനാ മൂല്യങ്ങളെപ്പോലും ചവിട്ടിമെതിക്കാനുള്ള കൂസലില്ലായ്മ, അടിയന്തരാവസ്ഥക്കാലത്തെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ലജ്ജാകരമായ അടിച്ചമർത്തൽ, തങ്ങൾ ഊതിവീർപ്പിച്ച ബലൂണുകളെ പൊട്ടിക്കാൻ ശ്രമിക്കുന്നവരെ തകർക്കൽ.. സമഗ്രാധിപത്യത്തിന്റെ സർവ ലക്ഷണങ്ങളും തെളിഞ്ഞു കാണാവുന്ന ഈ രാഷ്ട്രീയാന്തരീക്ഷത്തിൽ വെസ്റ്റ്‌ലാൻഡ് പോലെയുള്ള ഒരു പ്രസാധക സംരംഭം ശൂന്യതയിൽ അലിഞ്ഞില്ലാതാകുന്നത് അവിശ്വസനീയമാകേണ്ടതില്ല.
പുസ്തകങ്ങൾ നിശ്ശബ്ദ മരണം വരിക്കുകയും മാധ്യമങ്ങൾ പ്രകാശന സ്വാതന്ത്ര്യത്തിനായി കോടതി മുറികളിലേക്ക് വലിച്ചിഴക്കപ്പെടുകയും മനുഷ്യാവകാക പ്രവർത്തകർ വെടിയുണ്ടകൾക്ക് മുന്നിൽ പിടഞ്ഞുവീഴുകയും ചെയ്യുന്ന കാലത്ത്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ അതിന്റെ പ്രഖ്യാപിത സംരക്ഷകരുടെ ദൂഷിതമായ ആക്രമണത്തിൽനിന്ന് രക്ഷിക്കാനുള്ള ബാധ്യത ഓരോ പൗരന്റെയും ചുമലിൽ വന്നുചേർന്നിരിക്കുന്നു.
 

Latest News