Sorry, you need to enable JavaScript to visit this website.

ബി.ജെ.പി തന്നെ മുഖ്യശത്രു, പക്ഷേ കോണ്‍ഗ്രസുമായി സഖ്യം സാധ്യമല്ല- സി.പി.എം

ന്യൂദല്‍ഹി- കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം സാധ്യമല്ലെന്നു വ്യക്തമാക്കി സിപിഎമ്മിന്റെ കരടു രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസും ബിജെപിയും ഒരേ തരത്തില്‍ പ്രതിരോധിക്കപ്പെടേണ്ട അപകടകാരികള്‍ അല്ല. ഫാസിസ്റ്റ് ശക്തിയായ ആര്‍എസ്എസിന്റെ രാഷ്ട്രീയ ആയുധമായി പ്രവര്‍ത്തിക്കുന്ന ബിജെപി തന്നെയാണ് മുഖ്യ ശത്രു. തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കാന്‍ അനുയോജ്യമായ രാഷ്ട്രീയ തന്ത്രം സ്വീകരിക്കുമെന്നും കരട് നയത്തില്‍ വ്യക്തമാക്കുന്നു.
    കോണ്‍ഗ്രസ് സംഘടനപരമായി തകരുകയും രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുകയും ചെയ്തു. പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുകയാണ്. കോണ്‍ഗ്രസ് എക്കാലത്തും ബൂര്‍ഷ്വാസികളുടെയും ഭൂവുടുമകളുടെയും ഒപ്പം നില്‍ക്കുകയും ഭരണമുള്ള സംസ്ഥാനങ്ങളില്‍ നവ-ലിബറല്‍ നയങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നവരാണ്. മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടുമ്പോള്‍ തന്നെ കോണ്‍ഗ്രസ് ഹിന്ദുത്വ ശക്തികളുമായി വിട്ടുവീഴ്ച ചെയ്യുന്നതാണ് കാണുന്നത്. ഇത്രയും ദുര്‍ബലമായ കോണ്‍ഗ്രസിന് മറ്റു മതേതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ശക്തമായി നിലയുറപ്പിക്കാന്‍ സാധിക്കില്ലെന്നും കരടു രാഷ്ട്രീയ നയത്തില്‍ കുറ്റപ്പെടുത്തുന്നു.
    കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെട്ട യുഡിഎഫ് ഇക്കാര്യങ്ങളില്‍ ബിജെപിയെ അനുകൂലിക്കുന്ന നിലപാടാണ് വെച്ചു പുലര്‍ത്തുന്നത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നു എന്നും കരട് നയത്തില്‍ പറയുന്നു.
    വര്‍ഗീയതയ്ക്കും ഹിന്ദുത്വ അജന്‍ഡയ്ക്കും എതിരേ ശക്തമായ പോരാട്ടം നടത്തണം. ഒത്തുതീര്‍പ്പിലെത്തിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ മറ്റു മതേതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നിലയുറപ്പിക്കും. പാര്‍ലമെന്റിന് പുറത്ത് വര്‍ഗീയ അജന്‍ഡകള്‍ക്കെതിരേ മറ്റു മതേതര ശക്തികള്‍ക്കൊപ്പം നില്‍ക്കും. കര്‍ഷക സമരം പോലെയുള്ള വലിയ മുന്നേറ്റങ്ങളുടെ മുന്‍നിര ശക്തിയായി നിലയുറപ്പിക്കും.
    വനിത സംവരണ ബില്ല് അടിയന്തരമായി നടപ്പാക്കണം. സ്ത്രീകള്‍ക്ക് എതിരേയുള്ള അക്രമങ്ങളില്‍ കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുടെ അവകാശ സംരക്ഷണം ഉറപ്പു വരുത്തണം. തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കണം. ബിജെപി സര്‍ക്കര്‍ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസ നയം പിന്‍വലിക്കണം. ഭരണഘടന മൂല്യങ്ങളും ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള പാഠ്യപദ്ധതികളും ഉള്‍പ്പെടുത്തി പുതിയ നയം രൂപീകരിക്കണം. മാധ്യമങ്ങളുടെ മേല്‍ കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും കരട് രാഷ്ട്രീയ നയത്തില്‍ പറയുന്നു.
ഏപ്രില്‍ ആറു മുതല്‍ കണ്ണൂരില്‍ നടക്കുന്ന സിപിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഈ കരട് രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നല്‍കേണ്ടത്. അതിനുമുന്‍പായി എല്ലാ പ്രാദേശിക ഭാഷകളിലും പരിഭാഷപ്പെടുത്തിയ കരട് നയം പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യും.

 

Latest News