ഹിന്ദുത്വ വിരുദ്ധമെന്നാല്‍ മതവിരുദ്ധമെന്നല്ല; പാര്‍ട്ടി അണികള്‍ക്ക് വിശ്വാസികളാകമെന്ന് സി.പി.എം

ന്യൂദല്‍ഹി- പാര്‍ട്ടി അണികള്‍ നിരീശ്വരവാദികള്‍ ആയിരിക്കണമെന്ന് സിപിഎം ഒരിക്കലും നിഷ്‌കര്‍ഷിക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. സിപിഎം ഒരിക്കലും മതവിശ്വാസത്തിന് എതിരല്ല. തങ്ങളുടെ വിശ്വാസം മാത്രമാണ് ശരിയെന്ന ഒരു വിഭാഗത്തിന്റെ മാത്രം വാദത്തെ അംഗീകരിക്കുന്നുമില്ല. ഹിന്ദുത്വത്തെ എതിര്‍ക്കുക എന്നു പറഞ്ഞാല്‍ മതവിശ്വാസത്തെ എതിര്‍ക്കുന്നു എന്ന് അര്‍ഥമില്ല. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം പാര്‍ട്ടിയും അംഗീകരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മത വിശ്വാസികള്‍ ആയിരിക്കരുത് എന്ന് പാര്‍ട്ടി ഭരണഘടയില്‍ ഒരിടത്തും പറയുന്നില്ലെന്നും യെച്ചൂരി വിശദീകരിച്ചു. കരട് രാഷ്ട്രീയ പ്രമേയം പ്രകാശനം ചെയ്തതിനു ശേഷം മതവിശ്വാസം സംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് സീതാറാം യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.
    സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തുമെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. ഈ റിപ്പോര്‍ട്ട് എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കും. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെയും സില്‍വലൈന്‍ പദ്ധതിയേയും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അടിസ്ഥാനമില്ല. വ്യത്യസ്ത സാഹചര്യമാണ് രണ്ടിനും ഇടയിലുള്ളത്. പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുമെന്നും ഇക്കാര്യത്തില്‍ സിപിഎം ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
    സിപിഎം ചൈന അനുകൂലികളാണെന്ന തരത്തില്‍ നടത്തുന്ന പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും കരട് നയത്തില്‍ മുന്നറിയിപ്പു നല്‍കുന്നു. ചൈനയുമായുള്ള അതിര്‍ത്തി വിഷയങ്ങളില്‍ ഉള്‍പ്പടെ പാര്‍ട്ടി രാജ്യത്തെ സര്‍ക്കാരിനൊപ്പമാണ് നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരേ കരുതല്‍ വേണമെന്നും പാര്‍ട്ടി അണികള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു.

 

Latest News