പിഞ്ചുമക്കളെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും റിമാണ്ടില്‍

കാസര്‍കോട്- പിഞ്ചുമക്കളെ ഉപേക്ഷിച്ചുപോയ യുവതിയെയും കാമുകനെയും കോടതി റിമാണ്ട് ചെയ്തു.  ബെള്ളൂര്‍ ഗോളിത്തടുക്കയിലെ മോഹനകൃഷ്ണന്റെ ഭാര്യ അര്‍പ്പിത(28), ബെള്ളൂരിലെ ബാര്‍ബര്‍ രതീഷ് എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്.

ഫെബ്രുവരി ഒന്നിന് രാവിലെ അര്‍പ്പിത ബാങ്കില്‍ അടക്കാനുള്ള 45,000 രൂപയുമായി ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് മോഹനകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.  ഇതിനിടെ അര്‍പ്പിതയെയും രതീഷിനെയും തിരുവനന്തപുരത്ത് സംശയസാഹചര്യത്തില്‍ കണ്ട പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും നാടുവിട്ടെത്തിയതാണെന്ന് ചോദ്യം ചെയ്തതോടെ വ്യക്തമാകുകയും ചെയ്തു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പോലീസ് തിരുവനന്തപുരത്തെത്തി രണ്ടുപേരെയും കൂട്ടിക്കൊണ്ടുവരികയും കാസര്‍കോട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കുട്ടികളെ ഉപേക്ഷിച്ചുപോകുന്നത് തടയല്‍ നിയമപ്രകാരം അര്‍പ്പിതക്കും രതീഷിനുമെതിരെ കേസെടുക്കുകയും റിമാണ്ട് ചെയ്യുകയുമായിരുന്നു.

 

Latest News