ഭര്‍ത്താവിനെ ഇഞ്ചിഞ്ചായി കൊല്ലാന്‍ ഭക്ഷണത്തില്‍ മനോരോഗത്തിനുള്ള മരുന്ന് നല്‍കി, യുവതി അറസ്റ്റില്‍

കോട്ടയം - ഭര്‍ത്താവിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് മനോരോഗ ചികിത്സയ്ക്കുളള മരുന്ന് ഭക്ഷണത്തിലും വെള്ളത്തിലും കലര്‍ത്തി നല്‍കിയ യുവതി പിടിയിലായി.പാലാ മീനച്ചില്‍ പാലാക്കാട് സതീ മന്ദിരം വീട്ടില്‍ ആശാ സുരേഷിനെ (36)യാണ് പാലാ പോലീസ് പിടികൂടിയത്. ഭര്‍ത്താവ് സതീശ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിന്മേല്‍ പോലീസ് അന്വേഷണം നടത്തിയ ശേഷമാണ്  അറസ്റ്റ് ചെയ്തത്.

2006 ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ യുവാവ്  യുവതിയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം 2008 മുതല്‍ മുരിക്കുംപുഴയിലെ ഭാര്യവീട്ടില്‍ ഇരുവരും താമസമാക്കുകയും ചെയ്തു. സ്വന്തമായി ഐസ്‌ക്രീം ഡിസ്ട്രിബ്യൂഷന്‍ എടുത്ത് ഭാര്യയോടൊപ്പം താമസിക്കുകയായിരുന്നു യുവാവ്. ഇതിനിടെ ബിസിനസ് മെച്ചപ്പെട്ടു തുടങ്ങിയതോടെ ഭാര്യയും ഭര്‍ത്താവും മറ്റൊരു വീട് വാങ്ങിയ ശേഷം താമസം പാലക്കാട്ടേയ്ക്കു മാറ്റുകയും ചെയ്തു.

എന്നാല്‍, വിവാഹം കഴിഞ്ഞ സമയം മുതല്‍ തന്നെ ഭാര്യ നിസാര കാര്യങ്ങളെച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്നതായി ഭര്‍ത്താവ് പറയുന്നു. ചില്ലറ പിണക്കങ്ങളും ഇരുവരും തമ്മിലുണ്ടായിരുന്നതായും ഭര്‍ത്താവ് പറയുന്നു. എന്നാല്‍ പാലക്കാട്ടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയതോടെ യുവാവിനു വല്ലാത്ത ക്ഷീണം ബാധിച്ചു. തുടര്‍ന്നു നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും രക്തത്തിലെ പഞ്ചസാര അളവു താഴ്ന്നു പോകുന്നതാണ്  കാരണമായി കണ്ടെത്തിയത്. എന്നാല്‍, 2021 സെപ്റ്റംബറില്‍ 20 ദിവസത്തോളം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വ്ന്നു. അന്നു കുഴപ്പമില്ലായിരുന്നു. ഇതാണ് സംശയത്തിനു കാരണമായത്. തുടര്‍ന്ന് യുവാവ് അന്വേഷണം തുടങ്ങി.

ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കൂട്ടുകാരിയുമായി സംസാരിച്ചു. തനിക്ക് ഏതെങ്കിലും മരുന്നുകള്‍ ഭാര്യ നല്‍കുന്നുണ്ടോ എന്ന് ചോദിച്ചറിയണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടുകാരി തിരക്കിയപ്പോഴാണ് 2015 മുതല്‍ ഭര്‍ത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് മൂന്നു നേരവും ഭക്ഷണത്തിലും വെള്ളത്തിലും കലര്‍ത്തി നല്‍കിയിരുന്നതായി വെളിപ്പെടുത്തിയത്. തുടര്‍ന്നു യുവതി കൂട്ടുകാരിയ്ക്ക് ഈ മരുന്നിന്റെ ഫോട്ടോ അയച്ചു നല്‍കുകയും ചെയ്തു. സംശയം തുടങ്ങിയതോടെ വീട്ടില്‍ സിസിടിവി സ്ഥാപിച്ചു. ഈ  സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച പരാതി തുടര്‍ അന്വേഷണത്തിനായി പാലാ പോലീസിനു നല്‍കുകയായിരുന്നു. തുടര്‍ന്നു, പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് വീട് റെയ്ഡ് ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്യുകയും മരുന്നുകള്‍ പിടിച്ചെടുക്കുകയുമായിരുന്നു.  

 

Latest News