മുറിയടച്ച് വിവസ്ത്രയാക്കി നിരന്തരം മര്‍ദനം; നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ അധ്യാപികയുടെ ചൂരല്‍ പ്രയോഗം

കൊല്ലം- പഠിച്ചില്ലെന്ന കാരണത്താല്‍ പരവൂരില്‍ നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ അധ്യാപികയുടെ ചൂരല്‍ പ്രയോഗമെന്ന് പരാതി. മുറിയടച്ച് വിവസ്ത്രയാക്കി നിരന്തരം മര്‍ദിച്ചതായി പറയുന്നു. പൂതക്കുളത്താണ് പഠിച്ചില്ലെന്ന കാരണത്താല്‍ ചൂരല്‍ പ്രയോഗം നടത്തി പിന്‍കാല്‍ തുടയുള്‍പ്പടെ അടിച്ചു പൊട്ടിച്ചത്.


കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം ശരിയായ വിധത്തില്‍ നടക്കാത്തതിനാല്‍ അല്‍വാസിയായ ട്യൂഷന്‍ അധ്യാപികയുടെ വീട്ടില്‍ മാതാപിതാക്കള്‍ കുട്ടിയെ ട്യൂഷന് അയച്ചതായിരുന്നു. ഇവരുടെ മൂത്ത കുട്ടിയും നേരത്തേ ഇവിടെ പഠിക്കാന്‍ പോയിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഇളയ കുട്ടിയേയും പഠിക്കാന്‍ വിട്ടു തുടങ്ങിയത്. എന്നാല്‍ ഏതാനും ദിവസം മുന്‍പ് കുട്ടി ട്യൂഷന് പോകാന്‍ മടി കാണിക്കുകയും പിന്‍ഭാഗത്ത് വേദന അനുഭവപ്പെടുന്നതായും മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയിലാണ് അടിയുടെ പാടുകള്‍ കണ്ടത്. ചോദിച്ചപ്പോള്‍ ട്യൂഷന്‍ അധ്യാപിക മര്‍ദിച്ചതാണെന്ന് കുട്ടി പറയുകയായിരുന്നു.
വിശദമായി ചോദിച്ചപ്പോള്‍ നിരന്തരം മുറിയില്‍ കയറ്റി വിവസ്ത്രയാക്കി മര്‍ദിക്കുമെന്നും കൂടാതെ കുട്ടിയുടെ മൂത്ത സഹോദരിയുള്‍പ്പടെയുള്ള മറ്റ് കുട്ടികളെ കൊണ്ട് തല്ലിക്കുമെന്നും കുട്ടി പറഞ്ഞു.

വീട്ടില്‍ പറഞ്ഞാല്‍ ചേച്ചിക്കുള്‍പ്പടെ മര്‍ദനം തുടരുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. ഇതിനെതിരെ ശിശുക്ഷേമ സമിതിയിലും പരവൂര്‍ പോലീസിലും പരാതി നല്‍കിയതായി കുട്ടിയുടെ പിതാവ് അറിയിച്ചു.

 

Latest News