Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെഗാസസ് ചാരസാങ്കേതിക വിദ്യ വാങ്ങിയെന്ന് അമേരിക്ക, പരിശോധിക്കാനെന്ന് എഫ്.ബി.ഐ വിശദീകരണം

വാഷിംഗ്ടണ്‍- മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്താനും നിരീക്ഷിക്കാനും ഉപയോഗിക്കുന്ന ഇസ്രായിലിന്റെ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയതായി എഫ്.ബി.ഐ സമ്മതിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതിനെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്.
പരിശോധിക്കാനും വിലയിരുത്താനും വേണ്ടി മാത്രമാണ് ഇസ്രായിലിന്റെ എന്‍.എസ്.ഒ ഗ്രൂപ്പില്‍നിന്ന് പരിമിത ലൈസന്‍സ് കരസ്ഥമാക്കിയതെന്നാണ് എഫ്.ബി.ഐയുടെ വിശദീകരണം. സാങ്കേതിക രംഗത്തെ പുരോഗതി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്നും അമേരിക്കയുടെ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ പറയുന്നു.
അതേസമയം, അമേരിക്ക പണം കൊടുത്ത് കുപ്രസിദ്ധ നിരീക്ഷണ സംവിധാനം വാങ്ങിയത് പരിമിത ആവശ്യത്തിനാണെന്ന വാദം വിമര്‍ശകര്‍ ചോദ്യം ചെയ്തു. അമേരിക്കയുടെ സുപ്രധാന അന്വേഷണ ഏജന്‍സി തന്നെ ആവശ്യമായ ഗവേഷണം തുടരുമ്പോഴാണ് ഇസ്രായിലിലെ വിവാദ സ്ഥാപനത്തെ സമീപിച്ചത്.
വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച കമ്പനിക്ക് കോടിക്കണക്കിന് ഡോളര്‍ നല്‍കിയാണ് അമേരിക്ക പെഗാസസ് സ്വന്തമാക്കിയതെന്ന് ടൊറണ്ടോ യൂനിവേഴിസിറ്റിയിലെ സിറ്റിസണ്‍സ് ലാബ് ഡയരക്ടര്‍ റോണ്‍ ഡെയിബെര്‍ട്ട് പറഞ്ഞു. 2016 നുശേഷം നടന്ന നിരവധി പെഗാസസ് ഹാക്കിംഗ് പുറത്തുകൊണ്ടുവന്നത് ഇന്റര്‍നെറ്റ് നിരീക്ഷണ സ്ഥാപനമായ സിറ്റിസണ്‍സ് ലാബാണ്. നിരുത്തരവാദപരവും ദുരുപദിഷ്ടവുമായ നീക്കമാണ് എഫ്.ബി.ഐയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് റോണ്‍ ഡെയിബെര്‍ട്ട് പറഞ്ഞു.
എപ്പോഴാണ് പെഗാസസ് വാങ്ങിയതെന്നോ എന്‍.എസ്.ഒ ഗ്രൂപ്പിന് എത്ര തുകയാണ് നല്‍കിയതെന്നോ എഫ്.ബി.ഐ വക്താവ് വെളിപ്പെടുത്തിയിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 50 ലക്ഷം ഡോളര്‍ നല്‍കിയാണ് 2019 ല്‍ ഇത് പരിക്ഷണാര്‍ഥം വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലൈസന്‍സ് പുതുക്കുന്നതിന് 40 ലക്ഷം ഡോളര്‍ കൂടി നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സ്മാര്‍ട്ട് ഫോണുകളില്‍ അതിക്രമിച്ച് കയറി രഹസ്യങ്ങള്‍ ചോര്‍ത്തുന്ന പെഗാസസ് സോഫ്റ്റ് വെയര്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് എഫ്.ബി.ഐ അവകാശപ്പെടുന്നു. ആശയവിനിമയം, ലൊക്കേഷന്‍, ഡാറ്റകള്‍ അക്കമുള്ള മുഴുവന്‍ വിവരങ്ങളും സ്വായത്തമാക്കി റിമോട്ട് ഉപകരണം പോലെയാക്കുന്നതാണ് പെഗാസസ് സോഫറ്റ് വെയര്‍.
യു.എസ് സാങ്കേതിക വിദ്യകളുമായുള്ള സമ്പര്‍ക്കം തടയുന്നതിന് കഴിഞ്ഞ നവംബറില്‍ യു.എസ് വാണിജ്യ വകുപ്പ് എന്‍.എസ്.ഒ ഗ്രൂപ്പിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആപ്പിള്‍ കമ്പനി എന്‍.എസ്.ഒക്കെതിരെ പ്രത്യേകം കേസ് നല്‍കുകയും ചെയ്തു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അസാന്മാര്‍ഗിക കൂലിപ്പടയെന്നാണ് വിവാദ കമ്പനിയെ ആപ്പിള്‍ വിശേഷിപ്പിച്ചത്. യു.എസ് കോഡായ പ്ലസ് വണ്‍ ഫോണുകള്‍ പെഗാസസ് ലക്ഷ്യമിടുന്നില്ലെന്ന് ഇസ്രായില്‍ കമ്പനി വിശദീകരിക്കുന്നുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരകളാക്കപ്പെട്ടവരില്‍ അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുന്നു.
എഫ്.ബി.ഐയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കോണ്‍ഗ്രസ് തലത്തില്‍ അന്വേഷണം വേണമെന്ന് സിറ്റിസണ്‍സ് ലാബ് ആവശ്യപ്പെട്ടു. സര്‍ക്കാരില്‍നിന്ന് കൂടുതല്‍ സുതാര്യത ജനങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് ഒറിഗോണ്‍ സെനറ്റര്‍ റോണ്‍ വൈഡന്‍ പറഞ്ഞു. എന്‍.എസ്.ഒയുമായോ അതുപോലുള്ള സൈബര്‍ കൂലിപ്പടയുമായോ സര്‍ക്കാര്‍ ബന്ധപ്പെടാന്‍ പാടില്ലാത്തതാണ്. ഇത്തരം ഉപകരണങ്ങള്‍ അമേരിക്കക്കാര്‍ക്കെതിരെ ഉപയോഗിക്കുന്നത് നിയമപരമാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സെനറ്റര്‍ ആവശ്യപ്പെട്ടു. ഉഗാണ്ട, മെക്‌സിക്കോ എന്നിവിടങ്ങളിലെ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരും പെഗാസസ് ഫോണ്‍ ഹാക്ക് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
ആര്‍ക്കൊക്കെയാണ് ചാരസോഫ്റ്റ് വെയര്‍ നല്‍കിയതെന്ന് എന്‍.എസ്.ഒ വെളിപ്പെടുത്തിയിട്ടില്ല. ഇസ്രായില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരമനുസരിച്ച് വിവിധ രാഷ്ട്രങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് മാത്രമാണ് നല്‍കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ക്രിമിനലുകള്‍ക്കും ഭീകരരര്‍ക്കുമെതിരെ മാത്രമാണ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതെന്നും അവര്‍ പറയുന്നു.

 

Latest News