പെരിന്തല്‍മണ്ണ- കെ.എസ്.ആര്‍.ടി.സി ബസിനെ ടൂര്‍പാക്കേജുകള്‍ക്കായി ഒരുക്കി പെരിന്തല്‍മണ്ണ ഡിപ്പോ. തലശ്ശേരിയില്‍നിന്ന് പെരിന്തല്‍മണ്ണ ഡിപ്പോക്ക് നല്‍കിയ സൂപ്പര്‍ എക്സ്പ്രസ് ബസാണ് സെമിസ്ലീപ്പര്‍ എയര്‍ബസ് സൗകര്യങ്ങളോടെ മാറ്റിയെടുത്തത്.
പുഷ്ബാക്ക് സീറ്റുകളും കവറുകളുമുണ്ട്. ബസിന്റെ മുകള്‍ഭാഗം തകിടുകൊണ്ട് മനോഹരമാക്കുകയും കളര്‍ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. ശബ്ദസംവിധാനവും ബസിലുണ്ട്. നോണ്‍ എ.സി. ബസില്‍ ഗ്ലാസ് വിന്‍ഡോകള്‍ക്ക് കര്‍ട്ടനുകളുമിട്ടിട്ടുണ്ട്. വിനോദസഞ്ചാരികളെ പരമാവധി ആകര്‍ഷിക്കുന്ന വിധത്തിലാണ് ബസ് സജ്ജമാക്കിയിട്ടുള്ളതെന്ന് പെരിന്തല്‍മണ്ണ ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണന്‍ അറിയിച്ചു.
വിവാഹയാത്രപോലുള്ള സ്വകാര്യ ആവശ്യങ്ങള്‍ക്കും ടൂര്‍ പാക്കേജുകള്‍ക്കും ബസ് നിശ്ചിത വാടക ഈടാക്കി വിട്ടുനല്‍കും. നവീകരിച്ച ബസിന്റെ ആദ്യവിനോദയാത്ര മൂന്നാറിലേക്കാണ്. ഏഴിന് രാവിലെ പത്തിന് പെരിന്തല്‍മണ്ണ ഡിപ്പോയില്‍നിന്ന് പുറപ്പെടും. രാത്രിയോടെ മൂന്നാറിലെത്തും. കെ.എസ്.ആര്‍.ടി.സി.യുടെ തന്നെ ബസുകളില്‍ താമസസൗകര്യവുമുണ്ടാകും. പിറ്റേന്ന് രാവിലെ മൂന്നാറിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. രാത്രിയോടെ മടങ്ങി പുലര്‍ച്ചെ പെരിന്തല്‍മണ്ണയില്‍ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
സ്ഥലസന്ദര്‍ശനമടക്കം 1,200 രൂപയാണ് ഒരു സീറ്റിന് നിരക്ക്. ഭക്ഷണവും മറ്റു ചെലവുകളും യാത്രക്കാര്‍ വഹിക്കണം. മൂന്നാര്‍ യാത്രക്ക് 9048848436, 9544088226, 9745611975 നമ്പറുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഗ്രൂപ്പ് ബുക്കിങ്ങും സ്വീകരിക്കും. ബുക്കിങ് അനുസരിച്ച് എല്ലാ തിങ്കളാഴ്ചയും മൂന്നാര്‍യാത്ര സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെയും പെരിന്തല്‍മണ്ണ ഡിപ്പോയില്‍നിന്ന് വിനോദയാത്രകള്‍ സംഘടിപ്പിച്ചിരുന്നു.






