ഫേസ്ബുക്കില്‍ നിന്ന് കൂട്ടക്കൊഴിഞ്ഞു പോക്ക്,  കമ്പനിയ്ക്ക് 20,000 കോടി ഡോളറിന്റെ നഷ്ടം 

സാന്‍ഫ്രാന്‍സിസ്‌കോ- 18 വര്‍ഷക്കാലത്തെ ചരിത്രത്തിനിടയ്ക്ക് ഇതാദ്യമായാണ് ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 1,93,000 കോടി പ്രതിദിന ഉപഭോക്താക്കളുണ്ടായിരുന്നത് ഇപ്പോള്‍ 1,92,900 കോടിയിലേക്ക് ഇടിഞ്ഞു. ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തില്‍ ആദ്യമായാണ് ഇടിവ്. ഇക്കാര്യം പുറത്തുവിട്ടതോടെ കമ്പനിയുടെ ഓഹരിയില്‍ വന്‍ ഇടിവുണ്ടായി. ആപ്പിളിന്റെ പുതിയ സ്വകാര്യതാ നയങ്ങളും നിയന്ത്രണങ്ങളും ടിക് ടോക്ക് പോലുള്ള എതിരാളികള്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചതും തിരിച്ചടിയായെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
ഉപഭോക്താക്കളുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന കമ്പനിയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഫെബ്രുവരി രണ്ടിന് മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ഓഹരിയില്‍ 20 ശതമാനത്തിലേറെ ഇടിവുണ്ടായി. ഇതുവഴി 20,000 കോടി ഡോളറിന്റെ നഷ്ടം കമ്പനിയ്ക്കുണ്ടായെന്നാണ് കണക്കുകള്‍.ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സ്വകാര്യതാ നയത്തിലുണ്ടായ മാറ്റങ്ങള്‍ കമ്പനിയെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പരസ്യ വിതരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഫേസ്ബുക്കിന്റെ പരസ്യ വിതരണത്തെ ബാധിച്ചു. ഇത് കൂടാതെ ആഗോള തലത്തിലുള്ള വിതരണ ശൃംഖലയില്‍ പകര്‍ച്ചാ വ്യാധിയുടെ സമയത്തുണ്ടായ പ്രതിസന്ധികളും കമ്പനിയ്ക്ക്  തിരിച്ചടിയായി.
 

Latest News